ഏഴഴകിൽ കേരളം

Tuesday 28 March 2023 4:42 AM IST

ഇന്ത്യൻ ഗ്രാൻ പ്രി 2: കേരളത്തിന് 7 സ്വർണം

തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇ വേദിയായ ഇന്ത്യൻ ഗ്രാൻപ്രി രണ്ടിൽ പൊന്നിൻ ശോഭയിൽ കേരളം. ഇന്നലെ ഏഴ് സ്വർണവും 5 വെള്ളിയുൾപ്പെടെ 12 മെഡലുകളാണ് കേരളത്തിന്റെ താരങ്ങൾ സ്വന്തമാക്കിയത്.

ഗോൾഡൻ ജമ്പ്

ജമ്പിംഗ് പിറ്റിൽ നിന്ന് മൂന്ന് സ്വർണം ഇന്നലെ കേരളാതാരങ്ങൾ ചാടിയെടുത്തു.പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ കോമൺവെൽത്ത് ഗെയിംസിലെ സ്വർണനേട്ടക്കാരൻ എൽദോസ് പോൾ 16.27 മീറ്രർ താണ്ടി പൊന്നണിഞ്ഞു. ലോംഗ് ജമ്പിൽ നിർമൽ സാബു7.72 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ നയനാ ജയിംസും(13.28 മീറ്രർ ) സ്വർണത്തിന് അവകാശിയായി. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും കേരളത്തിനാണ്. 15.80 മീറ്രർ താണ്ടിയ കാർത്തിക്ക് യു. എൽദോസിന് പിന്നിലായി രണ്ടാം സ്ഥാനം നേടിയപ്പോൾ കോമൺവെൽത്തിലെ വെള്ളി നേട്ടക്കാരൻ അബ്ദുള്ള അബൂബക്കറിന് (15.77 മീറ്രർ) മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷൻമാരുടെ ലോംഗ് ജമ്പിൽ കെ.എം ശ്രീകാന്ത് (7.28 മീറ്റർ) വെള്ളി നേടിയപ്പോൾ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ഗായത്രി ശിവകുമാറും (13.19) വെള്ളിയണിഞ്ഞു.

വെൽഡൺ ജിൻസൺ

പുരുഷൻമാരുടെ 1500 മീറ്ററിൽ നിലവിലെ ദേശീയ റെക്കാഡുകാരൻ കേരളത്തിന്റെ ജിൻസൺ ജോൺസൺ സുവർണനേട്ടവുമായി ഗംഭീര തിരിച്ചുവരവ് നടത്തി. 3മിനിട്ട് 44. 52 സെക്കൻഡിലാണ് ജിൻസണിന്റെ സുവർണ ഫിനിഷ്. റെക്കാഡ് നേട്ടത്തിനൊപ്പമെത്താനായില്ലെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനായതിന്റെ സന്തോഷമുണ്ടെന്ന് ജിൻസൺ പറഞ്ഞു.

പുരുഷൻമാരുടെ 200 മീ​റ്ററിൽ ഒളിമ്പ്യൻ മുഹമ്മദ് അനസ് 21. 54 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തി.

ചൂട് അലട്ടിയെങ്കിലും പുതിയ സീസണിൽ മികച്ച തുടക്കം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അനസ് പറഞ്ഞു.
പുരുഷൻമാരുടെ 400 മീ​റ്റർ ഓട്ടത്തിൽ 46.65 സെക്കൻഡിൽ ഫിനിഷ് ചെയത് വി. മുഹമ്മദ് അജ്മൽ പൊന്നണിഞ്ഞു.

വനിതകളുടെ പോൾവോൾട്ടിൽ 3.10 ഉയരം താണ്ടി മാളവികാ രാജേഷ് കേരളത്തിനായി സ്വർണം നേടി. ഈ ഇനത്തിൽ കേരളത്തിന്റെ തന്നെ നവമി രവീന്ദ്രൻ (3 മീറ്റർ) വെള്ളിയും ചിഞ്ചു മോൾമാത്യു (2.90 മീറ്റർ) വെങ്കലവും നേടി.

നിരാശപ്പെടുത്തി ഹിമ, ചിത്ര

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ജേഴ്സിയിൽ പലതവണ മിന്നും പ്രകടനം നടത്തിയ ഹിമ ദാസിന് എന്നാൽ ഇന്നലെ തിളങ്ങാനായില്ല. 100, 200 മീ​റ്റർ മത്സരങ്ങളിൽ ട്രാക്കിലിറങ്ങിയ അസമീസ് എക്സ്പ്രസ് രണ്ടിനത്തിലും സ്വർണപ്രതീക്ഷയായിരുന്നു.

എന്നാൽ 100 മീ​റ്ററിൽ തമിഴ്നാടിന്റെ അർച്ചനാ ശുശീന്ദ്രന്റെ (11.52 സെക്കൻഡ്) പിന്നിൽ രണ്ടാം സ്ഥാനം കൊണ്ട് ഹിമയ്ക്ക് (11.74 സെക്കൻഡ്)തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യൻ ഗ്രാൻഡ് പ്രി ഒന്നാം എഡീഷനിൽ 200 മീ​റ്ററിൽ സ്വർണം നേടിയ ഹിമ ഇന്നലെ ഫൗൾ സ്റ്റാർട്ടോടെ അയോഗ്യയായി. വിവാഹ ശേഷം ട്രാക്കിലേക്ക് മടങ്ങിയെത്തിയ പി.യു ചിത്രയ്ക്കും തിളങ്ങാനായില്ല. വനിതകളുടെ 1500 മീറ്ററിൽ ഏഴാം സ്ഥാനത്താണ് ചിത്ര ഫിനിഷ് ചെയ്തത്.

പുരുഷൻമാരുടെ 100 മീ​റ്ററിൽ ഹരിയാനയുടെ സൻജിത്ത് (10.65 സെക്കൻഡ്) സ്വർണവും ഒഡീഷയുടെ അമിയ കുമാർ മാലിക്(10.66 സെക്കൻഡ്) വെള്ളിയും സ്വന്തമാക്കി