റൊണാൾഡോ ഡബിൾ, ആറാടി പോർച്ചുഗൽ
ലക്സംബർഗ്: ഇരട്ടഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ച യൂറോ യോഗ്യതാ പോരാട്ടത്തിൽ പോർച്ചുഗൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് ലക്സംബർഗിനെ കീഴടക്കി. നാല് ദിവസത്തിനിടെ ഇരട്ടഗോളുമായി റൊണാൾഡോ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച രണ്ടാമത്തെ മത്സരമാണിത്. റൊണാൾഡോയെക്കൂടാതെ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒക്ടാവിയൊ, റാഫേൽ ലിയോ എന്നിവരുംപോർച്ചുഗലിനായി ലക്സംബർഗിന്റെ വലകുലുക്കി.
അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളുടെയും ഗോളുകളുടെയും കണക്കിൽ ഏറ്രവും മുന്നിലുള്ള റൊണാൾഡോയ്ക്ക് ഇക്കാര്യങ്ങളിൽ തന്റെ റെക്കാഡ് മെച്ചപ്പെടുത്താനുമായി. 198 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റൊണാൾഡോയുടെ ഗോളുകളുടെ എണ്ണം 122 ആയി. റൊണാൾഡോയിൽ പൂർണ വിശ്വാസമർപ്പിച്ച് പുതിയ കോച്ച് റോബർട്ടോ മാർട്ടിനസ് തുടർച്ചയായ രണ്ടാം മത്സരത്തിലും താരത്തെ പോർച്ചുഗീസ് ആക്രമണങ്ങളുടെ കുന്തമുനയായി നിയോഗിക്കുകയായിരുന്നു. 9-ാം മിനിട്ടിൽ തന്നെ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ റൊണാൾഡോ പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. പിന്നാലെ ഫെലിക്സും ബെർനാഡൊ സിൽവയും ഹെഡ്ഡറുകളിലൂടെ സ്കോർചെയ്തതോടെ ഇരുപത് മിനിട്ടിനുള്ളിൽ പോർച്ചുഗൽ 3-0ത്തിന് ലീഡ് നേടി. 31-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് റൊണാൾഡോ രണ്ടാംവട്ടവും ലക്സംബർഗിന്റെ വലയിൽ പന്തെത്തിച്ചു. രണ്ടാം പകുതിയിൽ 77-ാം മിനിറ്റിൽ ഒക്ടാവിയയും 88-ാംമിനിറ്റിൽ ലിയോയും സ്കോർ ചെയ്തതോടെ പോർച്ചുഗൽ ഗംഭീര ജയമുറപ്പിച്ചു. രണ്ട് മത്സരങ്ങളും ജയിച്ച പോർച്ചുഗൽ ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനത്താണ്.
ഇറ്റലി വിജയവഴിയിൽ
മാൾട്ടയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി ഗ്രൂപ്പ് സിയിൽ തങ്ങളുടെ ആദ്യജയം നേടി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ഇറ്റലി റെറ്റെഗുയിയും പെസ്സിനയും നേടിയ ഗോളുകളുടെ പിൻബലത്തിലാണ് മാൾട്ടയെ കീഴടക്കിയത്.