ഇന്നസെന്റിന് വിട നൽകാനൊരുങ്ങി 'പാർപ്പിടം'; സംസ്‌കാരം രാവിലെ പത്തിന്, വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്ക്

Tuesday 28 March 2023 6:51 AM IST

തൃശൂർ: നടനും മുൻ എംപിയുമായ ഇന്നസെന്റിന് ജന്മനാട് ഇന്ന് വിട ചൊല്ലും. ഔദ്യോഗിക ബഹുമതികളോടെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിലാണ് സംസ്‌കാരം. ഒൻപതരയോടെ ഭൗതിക ശരീരം 'പാർപ്പിടം' എന്ന വീട്ടിൽ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകും.


നൂറുകണക്കിനാളുകളാണ് പ്രിയ താരത്തെ അവസാനമായി ഒരുനോക്കുകാണാനായി വീട്ടിലെത്തുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള രാഷ്ട്രീയ - ചലച്ചിത്ര മേഖലകളിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ഭൗതിക ശരീരം ഇന്നലെ രാവിലെ എട്ട് മുതൽ 11.30 വരെ എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചിരുന്നു. ഇടവേള ബാബു, രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങി 'അമ്മ'യുടെ ഭാരവാഹികൾ പൊതുദർശനത്തിന് നേതൃത്വം നൽകി. 11.30ന് കെ.എസ്.ആർ.ടി.സിയുടെ അലങ്കരിച്ച എ.സി ലോഫ്ലോർ ബസിൽ മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നു.

ഉച്ചയ്ക്ക് രണ്ടര മുതൽ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനം തുടങ്ങി. ശേഷം മൃതദേഹം 'പാർപ്പിടത്തിലേക്ക്' കൊണ്ടുവരികയായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു.