ആർക്കും തീർപ്പാക്കാൻ കഴിയാത്ത എന്തുപ്രശ്നവും ഇന്നസെന്റ് പുഷ്പം പോലെ പരിഹരിക്കും, കമ്മിറ്റിയുടെ ഗുട്ടൻസ് പിടികിട്ടിയത് പിന്നീട്

Tuesday 28 March 2023 10:05 AM IST

തൃശൂർ: ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലറായിരിക്കെ ആർക്കും പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ ഇന്നസെന്റ് പുഷ്പം പോലെ പരിഹരിച്ചിരുന്നുവെന്ന് അക്കാലത്ത് വൈസ് ചെയർമാനും ഒരു കൊല്ലം ഇന്നസെന്റിന്റെ സഹപാഠിയുമായ അഥീന ബാലകൃഷ്ണൻ പറഞ്ഞു. 1979ലാണ് ഇന്നസെന്റ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. കൗൺസിലിൽ ഏതെങ്കിലും വിഷയം കീറാമുട്ടിയായാൽ ഇന്നസെന്റ് എഴുന്നേറ്റ്, പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയുണ്ടാക്കാമെന്ന് പറയും. കാര്യമായ നടപടിയുണ്ടാകുമെന്ന് കരുതി പ്രശ്‌നക്കാർ അടങ്ങും. കമ്മിറ്റി വിശദമായി പഠിക്കുമെന്ന് കരുതും. പഠനം കഴിയുമ്പോഴേക്ക് കൗൺസിലിന്റെ കാലാവധിയും കഴിയുമെന്നായിരുന്നു ഇന്നസെന്റിന്റെ മനസിലിരിപ്പ്. പ്രശ്‌നം പരിഹരിക്കാനുള്ള തന്ത്രമായിരുന്നു അത്. പറയുന്ന രീതി കേട്ടാൽ ആരും വിശ്വസിക്കും. തത്കാലം രംഗം ശാന്തമാക്കാൻ ഇന്നസെന്റിന്റെ 'കമ്മിറ്റി രൂപീകരണം' വളരെയേറെ സഹായിച്ചു. ചിലരുടെ എതിർപ്പ് മൂലം ഇന്നസെന്റിന് സീറ്റ് കൊടുക്കാൻ ജനതാപാർട്ടിക്ക് കഴിയാതെ വന്നപ്പോഴാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. അന്ന് കൊച്ചുദേവസിയായിരുന്നു ചെയർമാൻ. പിന്നീട് രാമൻ മാസ്റ്റർ ചെർമാനായി. അന്ന് ഇന്നസെന്റിന് സിനിമയിൽ തിരക്കായിട്ടില്ല.

സിറ്റിംഗിന് 15 രൂപ

ഒരു സിറ്റിംഗിന് 15 രൂപയായിരുന്നു പ്രതിഫലം. മാസം പരമാവധി അഞ്ച് സിറ്റിംഗുണ്ടാകും. ഷൂട്ടിംഗിനിടയിലും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ താത്പര്യം കാട്ടിയ ഇന്നസെന്റിനെ കൊണ്ടുവരാൻ ലൊക്കേഷനിലേക്ക് വണ്ടി അയക്കുമായിരുന്നു. കൗൺസിലിലും രാഷ്ട്രീയത്തിലും അന്ന് പുതുമുഖമായിരുന്നെങ്കിലും പിരിമുറുക്കമുള്ള യോഗങ്ങളിൽ ചിരി മരുന്നിട്ട് രംഗം ശാന്തമാക്കാൻ ഇന്നസെന്റിനായി. തമാശ ജന്മസിദ്ധമായ അദ്ദേഹത്തെ, ലോക്കേഷൻ എത്ര ദൂരെയായിരുന്നെങ്കിലും കൊണ്ടുവന്നിരുന്നുവെന്നും ബാലകൃഷ്ണൻ ഓർത്തു.

തിരഞ്ഞെടുപ്പ് 'പാഠം'

ഭാര്യ ആലീസിന്റെ ആഭരണം പണയം വച്ചാണ് തിരഞ്ഞെടുപ്പ് ചെലവ് നടത്തിയതെന്ന് ഇന്നസെന്റിന്റെ ആത്മകഥയിലുണ്ട്. അച്ഛൻ വറീതിന്റെ മൗനാനുവാദമുണ്ടായിരുന്നു. ഏതോ പുതിയ അടവെന്നാണ് അമ്മ കരുതിയത്. സിറ്റിംഗ് ഫീസ് കിട്ടാൻ തുടങ്ങിയതോടെ ഒരു വരുമാനവുമില്ലാത്തവനെന്ന നാണക്കേട് മാറി. ആർക്കും ഒന്നും കൊടുത്തില്ലെങ്കിലും നന്നായി പെരുമാറണമെന്ന പാഠം തിരഞ്ഞെടുപ്പിൽ നിന്ന് പഠിച്ചുവെന്നും അതിൽ പറയുന്നു.