വിദേശ രാജ്യങ്ങളിൽ നടന്നുവന്ന ഗംഭീരസംഭവം ഇനി കേരളത്തിലും, സംസ്ഥാന സർക്കാർ സൗകര്യമൊരുക്കും

Tuesday 28 March 2023 10:40 AM IST

കൊച്ചി: അന്യനാട്ടുകാർക്കുവേണ്ടി പോഷ് കല്യാണ വേദികളൊരുക്കാൻ ടൂറിസം വകുപ്പ്. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുകയും സഞ്ചാരികളെ ആകർഷിക്കുകയുമാണ് ലക്ഷ്യം. വെഡിംഗ് ഇൻ കേരള എന്നാണ് പേര്. 1.75 കോടി രൂപ മാർക്കറ്റിംഗിനായി വകയിരുത്തി. നാല് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കും.

കെ.ടി.ഡി.സി ഹോട്ടലുകൾക്ക് പുറമേ സ്വകാര്യ ഹോട്ടലുകളെയും റിസോർട്ടുകളെയും ഇതിന്റെ ഭാഗമാക്കും. ആവശ്യക്കാർക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് ഇഷ്ടമുള്ള ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കാം. ഹോട്ടലുകളുമായി നേരിട്ടും ഇടപാടുകൾ നടത്താം. ഇവന്റ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങൾ വിവാഹ പാർട്ടികൾക്ക് തീരുമാനിക്കാം.

കൊവിഡ് കാലത്ത് ഡെസ്റ്റിനേഷൻ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളിൽ വിവാഹം നടത്തിയിരുന്നവർ വിമാനയാത്രയ്ക്ക് തടസം നേരിട്ടതോടെ കേരളത്തിലുമെത്തുകയായിരുന്നു. അത് ട്രെൻഡായി മാറി.

വലിയ കല്യാണത്തിന് കോടികൾ ചെലവുവരും. ധാരാളം മുറികളുള്ള ഹോട്ടൽ, ഔട്ട്ഡോർ സൗകര്യം, പ്രകൃതി ഭംഗി എന്നിവ നോക്കിയാണ് ഹോട്ടലുകൾ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ പരദേശി കല്യാണങ്ങൾ നടക്കുന്നത്.

നിലവിൽ പല ഹോട്ടൽ ഗ്രൂപ്പുകളും റിസോർട്ടുകളും വിവാഹ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ വെഡിംഗ് പ്ലാനുകളാണ് പ്രിയം. കേരളസദ്യയ്ക്ക് പുറമേ കഥകളി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയും അവതരിക്കും. ചെറു ട്രിപ്പുകൾ ഉൾപ്പെട്ട പാക്കേജുമുണ്ട്. 300 വിദേശികൾ പങ്കെടുത്ത വിവാഹവും കൊച്ചിയിൽ നടന്നു. മാസം 10 വരെ ഇത്തരം വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്.

വിപുലമായ പ്രചാരണം

ചെറു വീഡിയോകളിലൂടെ വെഡിംഗ് ഇൻ കേരള കാമ്പയിൻ ആരംഭിച്ചു

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്

വിദേശ വിമാനത്താവളങ്ങളിലും മാദ്ധ്യമങ്ങളിലും പരസ്യം ഇടംപിടിക്കും

വിദേശരാജ്യങ്ങളിൽ നടക്കുന്ന ഇത്തരം വിവാഹങ്ങൾക്ക് കേരളം അനുയോജ്യ സ്ഥലമാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്. പി.എ.മുഹമ്മദ് റിയാസ്, ടൂറിസം വകുപ്പ് മന്ത്രി

കേരളവും ഗോവയുമാണ് വിവാഹത്തിനായി സഞ്ചാരികൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്. ഈ മേഖലയിൽ വലിയ സാദ്ധ്യതകളുണ്ട്. രാജു കണ്ണമ്പുഴ, സംസ്ഥാന പ്രസിഡന്റ്, ഇവന്റ് മാനേജ്മെന്റ് അസോ.

Advertisement
Advertisement