'ഇനി ആരിഫിനെ തിരക്കി ആ പക്ഷി വരില്ല'; സാരസ കൊക്കിനെ മൃഗശാലയിലേയ്ക്ക് മാറ്റി, ആരിഫിനെതിരെ കേസും

Tuesday 28 March 2023 3:35 PM IST

2022 ഫെബ്രുവരിയിലാണ് 35കാരനായ മുഹമ്മദ് ആരിഫ് ഗുരുതരമായി പരിക്കേറ്റ സാരസ കൊക്കിനെ വീട്ടിൽ കൊണ്ടുപോയി പരിചരിച്ച് സുഖപ്പെടുത്തിയത്. അന്ന് മുതൽ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലാണ് സംഭവം.

എവിടെപ്പോയാലും ആരിഫിനെ പിന്തുടരുന്ന ഈ പക്ഷിയുടെ വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് സർക്കാർ സാരസ കൊക്കിനെ ആരിഫിന്റെ വീട്ടിലെത്തി ഏറ്റെടുക്കുകയും കാൺപൂരിലെ മൃഗശാലയിലേയ്ക്ക് മാറ്റുകയും ചെയ്തു.ഒപ്പം ആരിഖിനെതിരെ കേസും എടുത്തു.

1974ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യ ജിവികളെ വ്യക്തികൾക്ക് കെെവശം വയ്ക്കാനോ ഭക്ഷണം നൽകാനോ വളർത്താനോ ഒന്നും അധികാരമില്ല. ആരെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കിൽ ഉദാഹരണത്തിന്, പരിക്കേറ്റ ഒരു പക്ഷിയെ നിലവിലെ സാഹചര്യത്തിലെ പോലെ ചികിത്സിക്കാൻ കെെവശം വയ്ക്കുകയാണെങ്കിൽ അത് 48 മണിക്കൂറിനുള്ളിൽ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം. ഇത് ലംഘിച്ചതിനാണ് ആരിഫിനെതിരെ കേസ്.

താനൊരു സാധാരണ കർഷകനാണെന്നും വന്യജീവി നിയമങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നും ആരിഫ് പറഞ്ഞു. ' പക്ഷേ, ഞാനൊരിക്കലും ഈ പക്ഷിയെ തടഞ്ഞു വച്ചിട്ടില്ല. ഞാനതിനെ കൂട്ടിലിടുകയോ കെട്ടിയിടുകയോ ചെയ്തിരുന്നെങ്കിൽ വനംവകുപ്പിന് കേസ് എടുക്കാമായിരുന്നവെന്നും എന്നാൽ ഞാൻ ഒരിക്കൽ പോലും അതിനെ നിയന്ത്രിച്ചിരുന്നിലെന്നും' ആരിഫ് പറഞ്ഞു. ഏപ്രിൽ രണ്ടിന് പതിനൊന്ന് മണിയ്ക്ക് കോടതിയിൽ ഹാജരകണം എന്ന് ആരിഖിനെ അറിയിച്ചിരിക്കുകയാണ് വനംവകുപ്പ്.

പറക്കുന്ന പക്ഷികളിൽ ഏറ്റവും ഉയരം കൂടിയ പക്ഷിയാണ് സാരസ കൊക്കുകൾ. ആറ് അടിയോളം പൊക്കം വരെ ചില സാരസ കൊക്കുകൾക്ക് ഉണ്ടാകും. ഉത്തർപ്രദേശിന്റെ തണ്ണീർത്തടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാരസ് കൊക്കുകളെ കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഇത്. ഇതിന് മുൻപും ഈ പക്ഷി മനുഷ്യനുമായി ഇണങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.