അരിക്കൊമ്പൻ ഇന്നും ദൗത്യ മേഖലയിൽ; നാളെ മോക്ക് ഡ്രിൽ നടത്തില്ല, കോടതി വിധി കാത്ത് നാട്ടുകാരും ദൗത്യസംഘവും
ഇടുക്കി: മയക്കുവെടി വയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ തുടരുന്നതിനിടെ വീണ്ടും ദൗത്യ മേഖലയിൽ ഇറങ്ങി അരിക്കൊമ്പൻ. ഇന്ന് വെെകീട്ട് മൂന്നരയോടെയാണ് അരിക്കൊമ്പനും മറ്റ് മൂന്ന് ആനകളും എത്തിയത്. താൽകാലിക റേഷൻ കട ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലത്താണ് നിലവിൽ ആനയുള്ളത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാനയെ കൂട്ടിലാക്കാൻ വനംവകുപ്പ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ നാളെ മോക്ക് ഡ്രിൽ നടത്തില്ല. കോടതി വിധി അനുകൂലമാണെങ്കിൽ മറ്റന്നാൾ രാവിലെ നാല് മണി മുതൽ ദൗത്യം നടത്തുന്നതിനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിക്കും. ഹൈക്കോടതി താത്കാലിക സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആനയെ പിടി കൂടുന്നതിന് 29 വരെ വിലക്കുണ്ട്. 29ന് കോടതി അനുകൂല തീരുമാനമെടുക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ദൗത്യസംഘവും. ഇതിനാവശ്യമായ വിവര ശേഖരണവും വനംവകുപ്പ് നടത്തി വരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനും അരിക്കൊമ്പൻ ഒരു ജീപ്പ് ആക്രമിച്ചിരുന്നു. പെരിയകനാലിന് സമീപം ദേശീയ പാതയിലായിരുന്നു സംഭവം. പൂപ്പാറ സ്വദേശികളായ നാല് പേർ സഞ്ചരിച്ചിരുന്ന ജീപ്പാണ് തലങ്ങും വിലങ്ങും കുത്തി മറിച്ചിടാൻ ആന ശ്രമിച്ചത്. ജീപ്പിലുണ്ടായിരുന്ന നാലു പേരും കാട്ടാനയെ കണ്ടയുടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. പിന്നോട്ടെടുത്ത ജീപ്പിന്റെ പിൻ ചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ വാഹനം വലിച്ചെടുത്ത് റോഡിന് കുറുകെയിട്ടു.