ലൈംഗികതയെ ബാധിക്കും; ചേലാകർമം നിരോധിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

Tuesday 28 March 2023 7:45 PM IST

കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുൻപ് ആൺകുട്ടികളിൽ ചേലാകർമം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കോടതി നിയമനിർമാണ സമിതിയല്ലെന്ന് അറിയിച്ചുകൊണ്ടാണ് യുക്തിവാദി സംഘടന സമ‌ർപ്പിച്ച ഹർജി തള്ളിയത്. പത്രവാർത്തകൾ മാത്രം ആധാരമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.

18 വയസെത്തുന്നതിന് മുൻപ് ആൺകുട്ടികളിൽ ചേലാകർമം നടത്തുന്നത് കുട്ടികളുടെ മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു നോൺ റിലിജിയൻസ് സിറ്റിസൺസ് എന്ന സംഘടനയുടെ വാദം. കൂടാതെ ലൈംഗികത അടക്കം ഇത് വഴി ബാധിക്കപ്പെടുമെന്നും ഹർജിക്കാർ വാദമുന്നയിച്ചു. ഇതിനായി ലൈംഗികശേഷിയെ ബാധിക്കുമെന്ന സമർത്ഥിക്കുന്ന പഠനങ്ങളും കോടതിയിൽ സമർപ്പിക്കപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികൾക്ക് മേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനാൽ ചേലാകർമ്മം നിരോധിക്കണമെന്നും ജാമ്യമില്ലാക്കുറ്റമാക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കോടതി നിയമനിർമാണ സമിതിയല്ലെന്നും കൃത്യമായ ആധാരങ്ങളോടെ പരാതിക്കാർക്ക് തങ്ങളുടെ വാദങ്ങൾ തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാ‌ർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. പിന്നാലെ ഹർജി തള്ളി. ഹർജിയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു.