യുപിഐ സേവനങ്ങൾ ഇനി മുതൽ സൗജന്യമല്ല; ഏപ്രിൽ മുതൽ അക്കൗണ്ടിൽ നിന്ന് പണം നൽകേണ്ടി വരും

Tuesday 28 March 2023 8:31 PM IST

ന്യൂഡൽഹി: യുപിഐ സേവനങ്ങൾ ഇനി മുതൽ പൂർണമായും സൗജന്യമായിരിക്കില്ല. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻസിപിഐ) ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാവരെയും പുതിയ ഫീ സംവിധാനം ബാധിക്കുമെന്ന് ആശങ്കപ്പെടേണ്ട. അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനായിരിക്കും ട്രാൻസാക്ഷൻ ഫീ നൽകേണ്ടത്. കച്ചവടക്കാരായ ഉപഭോക്താക്കളെിൽ നിന്നാണ് ഏപ്രിൽ മാസം മുതൽ ഫീ ഈടാക്കാൻ പോകുന്നത്.

എൻസിപിഐയുടെ പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപഭോക്താക്കൾക്കാണ് ഇനി മുതൽ ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരിക. ഓരോ ട്രാൻസാക്ഷനും 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായിരിക്കും ഏർപ്പെടുത്തുക. ഇതോടുകൂടി 15 ബേസ് പോയിന്റ് വാലറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.

അതേസമയം ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധിയിലും കേന്ദ്രസർക്കാർ വ്യത്യാസം വരുത്തിയിരുന്നു. 2023 ജൂൺ 30വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ഏപ്രിൽ ഒന്നാം തീയതി വരെയാണ് നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്.