ഒന്നാം ക്ലാസ് വയസ്:മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് വയസെന്ന നിലവിലെ സ്ഥിതി അടുത്ത അദ്ധ്യയന വർഷം തുടരാനാണ് സാദ്ധ്യത. സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ഒട്ടു മിക്ക വിദ്യാലയങ്ങളിലും അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചത് 5 വയസ് വച്ചാണ്. സി.ബി.എസ്.ഇ സ്കൂളുകളിൽ ഏതാണ്ട് അഡ്മിഷൻ പൂർത്തിയായി തസ്തിക നിർണയത്തെ തുടർന്ന് ജോലിയിൽ നിന്ന് 31ന് പുറത്താകുന്ന 110 ഹയർ സെക്കൻഡറി ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപകരെ സംരക്ഷിക്കാനുള്ള നിർദ്ദേശവും ഇന്നത്തെ
മന്ത്രിസഭാ യോഗം പരിഗണിക്കും.
സ്കൂൾ അദ്ധ്യാപകരുടെ
സ്ഥലംമാറ്റം: കരടായി
ആശാമോഹൻ
തിരുവനന്തപുരം: ഗവ. സ്കൂൾ അദ്ധ്യാപകർക്ക് അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നിർബന്ധമാക്കി കൊണ്ടുള്ള കരട് നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അദ്ധ്യാപക സംഘടനകളുമായടക്കം ചർച്ച ചെയ്ത് അന്തിമമാക്കിയശേഷം 2024 അദ്ധ്യയന വർഷം മുതൽ നടപ്പാക്കും. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 53,664 അദ്ധ്യാപകരാണുള്ളത്.
വർഷങ്ങളോളം അദ്ധ്യാപകർ ഒരു സ്കൂളിൽ തന്നെ തുടരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ അദ്ധ്യാപകരുടെ അപേക്ഷപ്രകാരമാണ് സ്ഥലംമാറ്റം. അല്ലെങ്കിൽ ശിക്ഷാനടപടിയുടെ ഭാഗമായി. സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 2017ൽ പുറത്തിറക്കിയ ഉത്തരവ് അദ്ധ്യാപകർക്കു കൂടി ബാധകമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് മൂന്നു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം അടക്കമുള്ള പ്രത്യേക നിർദ്ദേശമുണ്ട്. മികച്ച അദ്ധ്യാപകരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.