കയറ്റുമതിയിൽ റെക്കാഡ്; 760 ബില്യൺ ഡോളർ കടക്കും

Wednesday 29 March 2023 2:33 AM IST

ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആദ്യമായി 760 ബില്യൺ ഡോളർ കടന്ന് റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2021-22 സാമ്പത്തികവർഷം ചരക്ക്, സേവന കയറ്റുമതി യഥാക്രമം 422 ബില്യൺ യുഎസ് ഡോളറും 254 ബില്യൺ യുഎസ് ഡോളറുമായി മൊത്തം കയറ്റുമതി 676 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 100 ബില്യൺ ഡോളറിനടുത്ത് വർദ്ധനവ് ഈ സാമ്പത്തികവർഷം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ആഗോള സാമ്പത്തി മാന്ദ്യവും പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ഇന്ത്യ ഈ നേട്ടം അഭിമാനിക്കാവുന്നതാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. ഈവർഷം ഇതുവരെ മൊത്തം കയറ്റുമതി 750 ബില്യൺ ഡോളർ കടന്നു. വ‌ർഷാവസാമാകുമ്പോഴേക്കും ഇത് 760-ലേക്ക് എത്തും. ഒരു സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ഒമ്പത് വർഷമായി മോദി സർക്കാർ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ആഗോളവ്യാപാരത്തിൽ ഉണ്ടായ മികച്ച നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ,​ ആസ്ത്രേലിയ,​ തുടങ്ങിയ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും ഈ നേട്ടത്തിന് സഹായിച്ചു. ഇന്ത്യയുമായി സഹകരിച്ച് വ്യാപാരം നടത്താൻ താല്പര്യപ്പെട്ട് നിരവധി രാജ്യങ്ങൾ വരുന്നുണ്ടെന്നും ഇന്ത്യൻ വ്യവസായത്തെ ലോഗം അംഗീകരിച്ചു കഴി‍ഞ്ഞു.

വ്യാപാരം,​ സാങ്കേതികവിദ്യ,​ നിക്ഷേപം,​ വിനോദ സഞ്ചാരം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുകൊണ്ട് ആഗോളവിപണിയിൽ അതിവേഗത്തിലുള്ള വ്യാപനമാണ് രാജ്യത്തിന് ആവശ്യമെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

Advertisement
Advertisement