2.106 കിലോ കഞ്ചാവുമായി വൃദ്ധയും യുവാവും അറസ്റ്റിൽ 

Wednesday 29 March 2023 12:35 AM IST

കൊല്ലം: 2.106 കിലോ ഗ്രാം കഞ്ചാവുമായി വൃദ്ധയും യുവാവും പൊലീസ് പിടിയിലായി. അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം ബീവി (67), തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്.

യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി കൊല്ലം റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ ഡാൻസഫ് ടീം, ചടയമംഗലം പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ അറസ്റ്റിലായത്.

കുൽസം ബീവി മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ഇരുവരും ഏറെക്കാലമായി ഒരുമിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം റൂറൽ അഡീഷണൽ എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദേശ പ്രകാരം കൊല്ലം റൂറൽ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ മേൽനോട്ടത്തിൽ ചടയമംഗലം എസ്.ഐ പ്രിയ, ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ എ.അനീഷ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള സി.പി.ഒമാരായ ടി.സജുമോൻ, എസ്.ദിലീപ്, വിപിൻ ക്ലീറ്റസ് ചടയമംഗലം സ്റ്റേഷനിലെ എസ്.സി.പി.ഒ സനൽ, എസ്.സി.പി.ഒ സുഘോഷ്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.