ഹാജരാകാതെ ഫാരിസ് അന്വേഷണം മുറുക്കി കേന്ദ്ര ഏജൻസികൾ

Wednesday 29 March 2023 1:04 AM IST

കൊച്ചി: രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ആദായനികുതി ഓഫീസിൽ ഹാജരാകാത്ത റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഫാരിസ് അബൂബക്കറിന്റെ വിദേശനാണ്യ വിനിമയം, കള്ളപ്പണ നിക്ഷേപം എന്നിവയെക്കുറിച്ച് ആദായനികുതി വകുപ്പും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കി. ഫാരിസിന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ സൂക്ഷ്‌മപരിശോധന ആദായനികുതി വകുപ്പ് തുടരുകയാണ്. ഈ സ്ഥാപനങ്ങളുടെ സ്ഥലമിടപാടുകളിലെ ഉറവിടത്തിൽ നികുതി അടയ്ക്കൽ (ടി.ഡി.എസ്) രേഖകൾ അവ്യക്തവും അപൂർണവുമാണെന്ന് കണ്ടെത്തി.

ഫാരിസിന്റെ ഉടമസ്ഥതയിലും പങ്കാളിത്തത്തിലുമുള്ള 92 സ്ഥാപനങ്ങളിലൂടെ കേരളം, കർണാടക, തമിഴ്നാട്, ആന്ധാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥലമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വൻതോതിൽ ഭൂമി കൈവശമുണ്ട്. ദേശീയപാതകൾ പോലുള്ള വൻകിടപദ്ധതികൾ പ്രഖ്യാപിക്കുംമുമ്പേ അത്തരം പ്രദേശങ്ങളിൽ ചതുപ്പുക്കളുൾപ്പെടെ വാങ്ങിക്കൂട്ടി വികസിപ്പിച്ച് വിറ്റിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ഇത്തരം ഇടപാടുകളെന്നാണ് സംശയം.

രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർക്ക് ഫാരിസിന്റെ സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടോയെന്നും പരിശോധിച്ചേക്കും. ഈമാസം 20 നാണ് ഫാരിസിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിന് മുമ്പും ശേഷവും ഇ-മെയിൽ വഴിനോട്ടീസ് നൽകിയെങ്കിലും വിദേശത്തുള്ള ഫാരിസ് ചെന്നൈ നുങ്കപ്പാക്കത്തെ ഓഫീസിൽ ഹാജരായില്ല.

Advertisement
Advertisement