അമ്മയെ കൊന്ന മകൻ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരൻ
കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചിട്ട കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മകൻ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനാണെന്ന് കോടതി. പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സുനിൽകുമാറിനെയാണ് കൊല്ലം ഫോർത്ത് അഡിഷണൽ കോടതി ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കൊല്ലം പാർവത്യാർ ജംഗ്ഷനിലെ ശ്രീജ വെൽ വർക്‌സിലെ തൊഴിലാളിയായ സുരേഷ്ബാബുവിനെയാണ് (41, സുര) കൊലപ്പെടുത്തിയത്. 2015 ഡിസംബർ 26ന് രാത്രി പത്തോടെയായിരുന്നു സംഭവം. പട്ടത്താനം അമ്മൻ നടയ്ക്ക് സമീപത്തെ സ്ഥാപനത്തിൽ സുരേഷ് ബാബുവിനൊപ്പം ജോലി ചെയ്തുവരികയായിരുന്നു സുനിൽകുമാർ. ഇരുവർക്കും ശമ്പളമായി കിട്ടിയ തുകയിൽ നിന്ന് ഒരു ഭാഗമെടുത്ത് ഇവർ ഒരുമിച്ച് മദ്യപിച്ചു. ബാക്കിയുള്ള തുക പങ്കു വയ്ക്കുന്നതിനിടെ തർക്കമുണ്ടായി. തനിക്ക് അവകാശപ്പെട്ട തുക സുരേഷ് ബാബു തട്ടിയെടുത്തെന്ന് ആരോപിച്ച് സുനിൽകുമാർ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ വിചാരണ നടക്കവേയാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ സുനിൽ കുമാർ അമ്മ സാവിത്രിയെ ജീവനോടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട് കൊലപ്പെടുത്തിയത്. ഈ കേസിൽ സുനിൽകുമാറിനെ രണ്ടാഴ്ച മുമ്പാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.കൊല്ലം കൺട്രോൾ റൂം സി.ഐ ആയിരുന്ന എസ്. ഷെരീഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കെ.ബി.മഹേന്ദ്ര കോടതിയിൽ ഹാജരായി.