ചക്ദേ ഇന്ത്യ

Wednesday 29 March 2023 3:52 AM IST

ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യ ചാമ്പ്യൻമാർ

അവസാന മത്സരത്തിൽ കിർഗിസ് റിപ്പബ്ലിക്കിനെ കീഴക്കി

ഇംഫാൽ: ഗാലറിയിൽ ആവേശത്തിരമാല തീർത്ത് ആർത്തലച്ച ആയിരങ്ങളെ സാക്ഷി നിറുത്തി ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യ കിരീടമുയർത്തി. നിർണായകമായ അവസാന മത്സരത്തിൽ കിർഗിസ് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ചാമ്പ്യൻനമാരായത്. സന്ദേശ് ജിങ്കനും പെനാൽറ്റിയിലൂടെ സുനിൽ ഛെത്രിയുമാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. ഇന്ത്യ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ മത്സരത്തിൽ ഇന്ത്യ മാൻമറിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയിരുന്നു. മ്യാൻമറിനും കിർഗിസ് റിപ്പബ്ലിക്കിനും ഒന്നുവിതം സമനിലയും തോൽവിയുമാണുള്ളത്.

നിറ‍ഞ്ഞ് ഗാലറി പകർന്നു നൽകിയ ആവേശം കാലുകളിലാവാഹിച്ച് കിർഗിസ് റിപ്പബ്ലിക്കിനെതിരെ ഇന്ത്യ തുടക്കം മുതൽ ആക്രമണം തുടങ്ങി. ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് ഒരു ഫ്രീകിക്കും കോർണറും ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പതിന്നാലാം മിനിറ്റിൽ ഛെത്രിയുഡെ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പോയി. തുടർന്ന് കിർഗിസ് റിപ്പബ്ലിക്കും ചില ആക്രമണങ്ങൾ മെനഞ്ഞെടുത്തു.34-ാം മിനിട്ടിൽ ജിങ്കൻ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. ബ്രണ്ടൻ ചിപ്പ് ചെയ്ത് എടുത്ത ഫ്രീകിക്ക് പോസ്റ്റിനടുത്തേക്ക് ഓടിക്കയറി ഇടങ്കാലൻ ഫിനിഷിലൂടെ ജിങ്കൻ ഗോളാക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ഇന്ത്യ ആധിപത്യം തുടർന്നെങ്കിലും ഗോൾ നേടാൻ 84-ാം മിനിട്ടുവരെ കാത്തിരിക്കേണ്ടി വന്നു. 84-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഒരു സമ്മർദ്ദവുമില്ലാതെ ഗോളാക്കി ഛെത്രി അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ പുഷ്കാസിനെ മറികടന്ന് അഞ്ചാമതെത്തി. തുടർന്ന് തിരിച്ചടിക്കാനുള്ള കിർഗിസ് താരങ്ങളുടെ ശ്രമങ്ങൾ ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. മലയാളി താരം സഹൽ രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.

ഛെത്രി @5

അന്താരാഷ്ട്ര തലത്തിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഹങ്കേറിയൻ ഇതിഹാസം പുഷഅകാസിനെ മറികടന്ന് അഞ്ചാമതെത്താൻ ഇന്ത്യൻ നായകൻ സുനിൽ ഛെത്രിയ്ക്കായി. ഇന്നലെ ഛെത്രി നേടിയ ഗോൾ ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ 85-ാമത്തെയായിരുന്നു. പുഷ്കാസ് 84 ഗോളുകളാണ് നേടിയത്. ക്രിസ്റ്റ്യാനൊ റൊണാൾഡോ (122)​,അലി ദെയി (109),ലയണൽമെസി (99),മെക്താർ ദഹിരി (89) എന്നിവരാണ് ഛെത്രിക്ക് മുന്നിലുള്ളത്.

Advertisement
Advertisement