പള്ളിയിൽ പോകവേ അപകടം, കാൽനട യാത്രക്കാരി ഉൾപ്പെടെ രണ്ട് സ്‌ത്രീകൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Wednesday 29 March 2023 9:08 AM IST

തൃശൂർ: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ കാൽനട യാത്രക്കാരി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ അഞ്ചേ മുക്കാലോടെ ചാലക്കുടി-അതിരപ്പിള്ളി റോഡിൽ പരിയാരം സി എസ് ആർ കടവിലാണ് അപകടം നടന്നത്. കാൽനടയാത്രക്കാരി പരിയാരം ചില്ലായി അന്നു, കാറിലുണ്ടായിരുന്ന കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാരിയെ ഇടിച്ചതിനുശേഷം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തോമസാണ് കാർ ഓടിച്ചത്. ഇരുവരും പള്ളിയിലേയ്ക്ക് പോവുകയായിരുന്നു. പരിക്കേറ്റ തോമസ് ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.