ആത്മാഭിമാനത്തിനായി സർക്കാർ ജോലി രാജിവച്ച് ദമ്പതികൾ, പ്രതിമാസം ലഭിച്ചിരുന്നത് ഒരു ലക്ഷത്തിലധികം രൂപ; കൂലിപ്പണിയെടുത്തിട്ടാണെങ്കിലും ജീവിക്കുമെന്ന് പ്രതികരണം

Wednesday 29 March 2023 10:54 AM IST

തിരൂർ: സർക്കാർ ജോലി രാജിവച്ച് ദമ്പതികൾ. തിരുനാവായ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ജെയ്സൺ, തവനൂർ വൃദ്ധസദനത്തിലെ മേട്രണായിരുന്ന ഭാര്യ പി എസ് അനിതാ മേരി എന്നിവരാണ് രാജിവച്ചത്. ഇരുവർക്കും പ്രതിമാസം ഒരു ലക്ഷത്തിലേറെ വരുമാനുമുണ്ടായിരുന്നു.

മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത നേരത്തെ ഒരു പരാതി നൽകിയിരുന്നു. എന്നാൽ തനിക്ക് നീതി കിട്ടിയില്ലെന്നും കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്തതായും അനിത പറഞ്ഞു.

ഭാര്യയുടെ ഈ വിഷയത്തിൽ ഇടപെട്ടതോടെ വകുപ്പിലെ ചില സംഘടനകളുടെ നേതൃത്വത്തിൽ തന്നെയും പീഡിപ്പിക്കുകയായിരുന്നെന്ന് ജെയ്സൺ പറയുന്നു. തുടർന്ന് ആശുപത്രിയ്‌ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൈയേറ്റം ചെയ്‌തെന്ന ഡോക്ടറുടെ പരാതിയിൽ ഒരാഴ്ച ജയിലിൽ കിടക്കേണ്ടിയും വന്നു.

തുടർന്ന് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ദമ്പതികൾ പറയുന്നു. ഇതിനുപിന്നാലെയാണ് രാജിക്കത്ത് അയച്ചത്. ആത്മാഭിമാനത്തിനുവേണ്ടിയാണ് രാജിയെന്നും, കൂലിപ്പണിയെടുത്തുജീവിക്കുമെന്നുമാണ് സംഭവത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ജെയ്സൺ പറഞ്ഞത്.