മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്‌റ്റർ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ നൽകാതിരിക്കുക

Wednesday 29 March 2023 12:24 PM IST

തൃശൂർ: വിവാഹ വെബ്‌സൈറ്റ് വഴി വിവാഹാലോചന ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരം ശേഖരിച്ച് അവരുമായി നവമാദ്ധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്ന സംഘങ്ങൾ വ്യാപകം. തട്ടിപ്പിനായി വിവിധ പേരിലുള്ള വ്യാജ ഫേസ്ബുക്ക്, വാട്‌സ് ആപ് അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്.

ഇതരസംസ്ഥാന സംഘങ്ങളാണ് തട്ടിപ്പുകൾക്ക് പിന്നിൽ. ഇത്തരം വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻസിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചും പ്രണയം നടിച്ചും തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ത്രിപുര സ്വദേശികൾ കഴിഞ്ഞദിവസം പിടിയിലായിരുന്നു. യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22.75 ലക്ഷമാണ് മൂന്നംഗസംഘം വിവിധ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത്.

വെബ്‌സൈറ്റിലെ വിവരങ്ങൾ ശേഖരിച്ച പ്രതികൾ യുവതിയെ വാട്‌സ് ആപ് വഴി ബന്ധപ്പെട്ടു. ഇത്തരം കേസുണ്ടാവുമ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പല കേസുകളിലെയും പ്രതികളെ കണ്ടെത്താൻ പോലും കഴിയാറില്ല. ഇതര സംസ്ഥാനത്തെത്തുമ്പോൾ അന്വേഷണത്തിലുണ്ടാകുന്ന സാങ്കേതിക തടസങ്ങളാണ് കാരണം.

തുടക്കത്തിൽ സാമ്പത്തിക സ്ഥിതി അന്വേഷിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നവരും പല നമ്പറിൽ കോൾ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരെക്കുറിച്ച് കൂടുതലായി അന്വേഷിച്ച് മനസിലാക്കേണ്ടതുണ്ട്. സോഷ്യൽമീഡിയ പ്രൊഫൈൽ കണ്ട് വിലയിരുത്തരുത്. വിവേകപൂർവമായ അന്വേഷണത്തിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.


വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുമ്പോൾ

രജിസ്റ്റർ ചെയ്യുന്ന വെബ്‌സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായി അന്വേഷിക്കണം. സൈറ്റിൽ കണ്ടെത്തിയ വ്യക്തിയുടെ വിവരം വിശദമായി അന്വേഷിച്ച് മാത്രം വ്യക്തിവിവരം പങ്കുവയ്ക്കുക. വെബ്‌സൈറ്റുകളിൽ സ്വകാര്യവിവരങ്ങൾ നൽകാതിരിക്കുക. സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണെങ്കിൽ ചതിക്കുഴിയാണെന്ന് മനസിലാക്കുക. വിദേശത്തുള്ള ബന്ധങ്ങളാണെങ്കിൽ അവരെ നേരിൽക്കണ്ട് അന്വേഷിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. വീഡിയോ കോളിംഗിൽ കാണണമെന്ന് ആവശ്യപ്പെടുന്നത് പലതരം ചതികൾക്കും കാരണമാകും.


തട്ടിപ്പിനിരയായാൽ വിളിക്കാം 1930.

ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ഒ.ടി.പി, അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ഡെബിറ്റ് കാർഡ് നമ്പർ എന്നിവ ചോദിച്ച് ആരും ബന്ധപ്പെടില്ല. അങ്ങനെ ബന്ധപ്പെടുകയാണെങ്കിൽ വ്യാജ കോളാണ്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം.

Advertisement
Advertisement