ജനറൽ ആശുപത്രിയിലെ ഡോക്‌ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ

Wednesday 29 March 2023 1:07 PM IST

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ഡോക്ടർ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം കൈമനം സ്വദേശി ഡോ. ജി ഗണേശ് കുമാറാണ് പുന്നലത്ത് പടിയിലുള്ള വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രി കാഷ്വാലിറ്റി വിഭാഗം മെഡിക്കൽ ഓഫീസറാണ്. മൂന്നു വർഷമായി ജനറൽ ആശുപത്രിയിലുണ്ട്.

വാടക വീട്ടിൽ രാവിലെ സുഹൃത്ത് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കയായിരുന്നു. ഏറെ നേരമായിട്ടും കതക് തുറക്കാഞ്ഞതിനെ തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കയായിരുന്നു. വിവരം പൊലിസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തിയാണ് കതക് തുറന്നത്. മഷിയിൽ കൈമുക്കി ഭിത്തിയിൽ പതിപ്പിച്ചിട്ടുള്ളതിനൊപ്പം തോറ്റു പോയി, എല്ലാ അർത്ഥത്തിലും എന്ന് എഴുതിവച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച രാത്രി 10 വരെ പ്രമാടത്ത് ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാനുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാടക വീട്ടിൽ എത്തിയത്. ഭാര്യയും ബന്ധുക്കളും എത്തിയ ശേഷമാണ് മൃതദേഹം താഴെയിറക്കിയത്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.