അരിക്കൊമ്പൻ മിഷൻ നീളുന്നു; ഇടുക്കിയിൽ നാളെ ജനകീയ ഹർത്താൽ, പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്
ഇടുക്കി: ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. 'അരിക്കൊമ്പൻ മിഷൻ' കോടതി തടഞ്ഞതിന് പിന്നാലെയാണ് ജനങ്ങളുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നേട്ടില്ലെന്ന് ജനങ്ങൾ അറിയിച്ചു. ഇടുക്കി സിങ്ക്കണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ചിന്നക്കാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ ഹെെക്കോടതി വിധി തികച്ചും നിരാശജനകമാണെന്നാണ് എം പി ഡീൻ കുര്യാക്കോസിന്റെ പ്രതികരണം.
അരിക്കൊമ്പനെ പിടികൂടികൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നാണ് ഇന്ന് ഹെെക്കോടതി അറിയിച്ചത്. അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നും കോടതി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. വിഷയത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്
അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു.
301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് വനംവകുപ്പും ചൂണ്ടിക്കാണിച്ചു. എങ്കിലും, അരിക്കൊമ്പന്റെ ആക്രമണത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ജിഎസ്എം കോളര്‍ ഘടിപ്പിച്ച് ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു.