നൂറിലാറാടി മെസി, ഒട്ടും കുറയ്ക്കാതെ അർജന്റീന

Wednesday 29 March 2023 10:33 PM IST

സൗഹൃദ മത്സരത്തിൽ കുറസാവോയെ 7-0ത്തിന് തോൽപ്പിച്ച് അർജന്റീന

മെസിക്ക് ഹാട്രിക്ക്, രാജ്യത്തിനായി 100 ഗോളുകൾ കവിഞ്ഞു

ലോകകപ്പ് നേടിയതിന്റെ നൂറാം ദിവസം മെസിയുടെ ആഘോഷം

സാന്റിയാഗോ: കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറസാവോയ്ക്ക് എതിരെ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന 7-0ത്തിന് ജയിച്ചപ്പോൾ ഹാട്രിക്ക് നേടിയ സൂപ്പർ താരം ലയണൽ മെസി രാജ്യത്തിന്റെ കുപ്പായത്തിൽ 100 ഗോളുകളെന്ന അപൂർവ റെക്കാഡും സ്വന്തമാക്കി. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരായ മത്സരത്തിലൂടെ കരിയറിൽ 800 ഗോളുകൾ തികച്ച മെസി അന്താരാഷ‌്ട്ര ഫുട്ബാളിൽ 100 ഗോളുകൾ തികയ്ക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ താരമായും ചരിത്രം സൃഷ്ടിച്ചു.102 അന്താ

രാഷ്ട്ര ഗോളുകളാണ് ഇപ്പോൾ മെസിയു‌ടെ അക്കൗണ്ടിലുള്ളത്.

സാന്റിയാഗോയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽതന്നെ മെസി ഹാട്രിക് തികച്ചപ്പോൾ ഇരു പകുതികളിലുമായി നിക്കോളാസ് ഗോൺസാലസ്,എൻസോ ഫെർണാണ്ടസ്,ഏൻജൽ ഡി മരിയ,ഗോൺസാലോ മൊണ്ടിയേൽ എന്നിവരും സ്കോർ ചെയ്തു. 20-ാം മിനിട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയാണ് മെസി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോൾ നേട്ടം കുറിച്ചത്. തന്റെ 174-ാം മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

തീർത്തും ദുർബലരായ എതിരാളികൾക്കെതിരെ അർജന്റീനയുടെ തേർവാഴ്ചയാണ് സാന്റിയാഗോയിൽ കണ്ടത്. 20,33,37 മിനിട്ടുകളിലായാണ് മെസി ഹാട്രിക്ക് തികച്ചത്. ലോകകപ്പ് കിരീടം ഉയർത്തി കൃത്യം നൂറാം ദിവസം തന്നെയാണ് മെസി തന്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയത്. ആദ്യ പകുതിയിൽ അഞ്ചു ഗോളിന് മുന്നിട്ട് നിന്ന അർജന്റീന രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ കൂടി നേടി.

ഗോൾ വേട്ട ഇങ്ങനെ

20-ാം മിനിട്ടിൽ ലോ സെൽസോയുടെ പാസിൽ നിന്ന് ആദ്യ ഗോൾ നേടി മെസി ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചു.

മൂന്ന് മിനിട്ട് പിന്നിടുംമുമ്പ് ഗോൺസാലസ് ലീഡ് രണ്ടാക്കി ഉയർത്തി.

33-ാം മിനിട്ടിൽ ഗോൺസാലസിന്റെ അസിസ്റ്റിൽ നിന്ന് മെസി തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി.

തുടർന്നുള്ള നാലു മിനിട്ടുകൾക്കിടെ രണ്ടു ഗോളുകൾ കൂടി പിറന്നു.

35-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് എൻസോ അർജന്റീനയുടെ നാലാം ഗോളടിച്ചപ്പോൾ 37-ാം മിനിട്ടിൽ മെസി ലോ സെൽസോയുടെ പാസിൽ നിന്ന് ഹാട്രിക് തികച്ചു.

78-ാം മിനിട്ടിൽ എൻജൽ ഡി മരിയ പെനാൽറ്റിയിലൂടെ വലകുലുക്കി.

87 -ാം മിനിട്ടിൽ ഡിബാലയുടെ പാസിൽ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മൊണ്ടിയേൽ

കുറസാവോയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പാനമയ്‌ക്കെതിരേ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അർജന്റീന ജയിച്ചിരുന്നു. ലോകകപ്പ് കിരീടം നേടിയശേഷം ആദ്യമായി കളത്തിലിറങ്ങിയതായിരുന്നു പാനമയ്‌ക്കെതിരെ. ഈ മത്സരത്തിന്റെ 89-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെ ഗോളടിച്ചാണ് മെസി തന്റെ കരിയറിലെ 800-ാം ഗോൾ സ്വന്തമാക്കിയത്.

100

അന്താരാഷ്ട്ര ഗോളുകൾ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസി. 122 ഗോളുകളുമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. ഇറാന്റെ അലി ദേയി 109 ഗോളുമായി രണ്ടാമതുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളിൽ നൂറുഗോളുകൾ തികയ്ക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ താരവും മെസി തന്നെ

2005

ആഗസ്റ്റ് 17-ന് ഹംഗറിക്കെതിരേയായിരുന്നു മെസിയുടെ ആദ്യ അന്താരാഷ്ട്ര മത്സരം.

2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേ ആദ്യ അന്താരാഷ്ട്ര ഗോൾ പിറന്നു.

5

2006 മുതൽ 2022 വരെ അഞ്ച് ലോകകപ്പുകളിലും പങ്കെടുത്തു.

156

അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കുന്ന താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോയിൽ നിന്ന് മെസി സ്വന്തമാക്കി. 122 ഗോളുകളും 33 അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. മെസിക്ക് 102 ഗോളുകളും 54 അസിസ്റ്റുകളുമുണ്ട്.

Advertisement
Advertisement