ടൈഫോയ്ഡ് വാക്‌സിന് കാരുണ്യയിൽ 95.52 രൂപ

Thursday 30 March 2023 12:44 AM IST

തിരുവനന്തപുരം: കാരുണ്യ ഫാർമസികൾ വഴി 95.52 രൂപയ്‌ക്ക് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കി ആരോഗ്യവകുപ്പ്. പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്‌ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. ടൈഫോയ്ഡ് വാക്‌സിൻ എസൻഷ്യൽ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം മെഡിക്കൽ സ്റ്റോറുകൾ വഴി വിലകൂടിയ വാക്‌സിൻ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് വാക്‌സിൻ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് കെ.എം.എസ്.സി.എല്ലിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. അതേസമയം സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.