കേരളത്തിലാകെ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ്

Thursday 30 March 2023 12:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളിൽ നിന്നും ഇനി സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് നൽകും. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം വിജയമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിനു പകരം എ.ടി.എം കാർഡുപോലെ പഴ്‌സിൽ ഒതുങ്ങുന്നതാണ് പുതിയ ലൈസൻസ്.
പി.വി.സി പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ, സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കിയിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോ ചിപ് ഉപേക്ഷിച്ചു.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർദ്ദേശിക്കുന്ന മാനദണ്ഡ പ്രകാരമാണ് ലൈസൻസ് തയ്യാറാക്കിയിട്ടുള്ളത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.

നിലവിലുള്ള ലാമിനേറ്റഡ് കാർഡ് അതത് ഓഫീസുകളിൽ അച്ചടിക്കുന്നത് ജോലിഭാരം കൂടുന്നതിനും ക്രമക്കേടിനും ഇടയാക്കുന്നുണ്ട്. കേന്ദ്രീകൃത പ്രിന്റിംഗ് സംവിധാനം വന്നാൽ ഓഫീസുകളിൽ നിന്ന് ഇടനിലക്കാർ ലൈസൻസുകൾ കൈപ്പറ്റുന്നത് ഒഴിവാക്കാനാകും