ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ, എ. രാജ സുപ്രീംകോടതിയിൽ

Thursday 30 March 2023 1:49 AM IST

താൻ ഹിന്ദുവാണ് ; പരിവർത്തിത ക്രിസ്‌ത്യാനിയല്ല

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സി.പി.എം. നേതാവ് എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.

പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും, പട്ടികജാതി സംവരണം അവകാശപ്പെടാനാവില്ലെന്നുമുളള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ജനന സർട്ടിഫിക്കറ്റ്,​ ജാതി സർട്ടിഫിക്കറ്ര്,​ സ്‌കൂൾ രേഖകൾ തുടങ്ങിയവയെ കുറിച്ച് വിധിയിൽ ഹൈക്കോടതി പരാമർശിച്ചില്ല. നാമനിർദേശ പത്രിക പരിശോധന സമയത്തടക്കം എതിർപ്പുന്നയിക്കാതിരുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി ഡി. കുമാർ ഏറെക്കഴിഞ്ഞാണ് ആരോപണവുമായി കോടതിയെ സമീപിക്കുന്നതെന്നും അഡ്വ. ജി. പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ രാജ ചൂണ്ടിക്കാട്ടി.

ഹർജിയിലെ വാദങ്ങൾ

ഹിന്ദു പറയ ജാതിയിൽ പെട്ട ആളല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ വസ്‌തുതാപരമായും നിയമപരമായും നിലനിൽക്കില്ല

നാമനിർദേശ പത്രികയ്‌ക്കൊപ്പം ജാതി സർട്ടിഫിക്കറ്രും മറ്റ് രേഖകളും വരണാധികാരിക്ക് കൈമാറിയിരുന്നു. സർട്ടിഫിക്കറ്റുകൾ യഥാർത്ഥമാണെന്ന് വിലയിരുത്തിയാണ് നോമിനേഷൻ സ്വീകരിച്ചത്.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

ഹിന്ദു യുവതിയെയാണ് കല്യാണം കഴിച്ചത്. വിവാഹ ഫോട്ടോ തെളിവായെടുത്താണ് താൻ ക്രിസ്‌ത്യാനിയാണെന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിയത്

അച്‌ഛനും അമ്മയും പരിവർത്തിത ക്രിസ്‌ത്യാനികളാണെന്നാണ് വാദം. താൻ ഹിന്ദുവാണ്. ക്രിസ്‌തുമതത്തെ പിന്തുടർന്നിട്ടില്ല.