കാറിൽ കുപ്പിവെള്ളവുമായാണോ യാത്ര ചെയ്യുന്നത്,​ എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക,​ അപകടമുണ്ടാകുന്നത് ഇങ്ങനെ,​ മുന്നറിയിപ്പുമായി പൊലീസ്

Wednesday 29 March 2023 11:43 PM IST

തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്കെതിരെ മാർഗനി‌ർദ്ദേശവുമായി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊതു ജനങ്ങൾക്ക് കേരള പൊലീസ് മുന്നറിയിപ്പു നൽകാറുണ്ട്,​ ഇപ്പോഴിതാ ആരും അധികം ശ്രദ്ധിക്കാത്ത ഒരു വിഷയത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

വേനൽക്കാലത്ത് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ കടുത്ത ചൂടിനെ ചെറുക്കാൻ കുപ്പിയിൽ വെള്ളം കൂടി കരുതാറുണ്ട്. അത്തരത്തിൽ കാറിലും മറ്റും കുപ്പിവെള്ളം കരുതുന്നവർക്കായാണ് പൊലീസ് അപകട മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വെള്ളം കുടിച്ചുകഴിഞ്ഞ ശേഷം കാറിലും മറ്റും കുപ്പി അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് വീഡിയോയിൽ പറയുന്നത്.

വാഹനത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പി ഉരുണ്ട് ബ്രേക്ക് പെഡലിന്റെ അടിയിൽ വരികയിം ബ്രേക്ക് ചെയ്യുമ്പോൾ അത് അപകടത്തിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു,​ ഡ്രൈവർ സീറ്റിന്റെ സമീപം അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികളാണ് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.