ആറുമാസം കഴിഞ്ഞിട്ടും മടങ്ങിയെത്താത്ത പ്രവാസികളുടെ വിസ റദ്ദാക്കും, നടപടിയുമായി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കുവൈറ്റ്. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖകൾ പുതുക്കാനായി ഓൺലൈനിലൂടെ സമർപ്പിച്ച രേഖകൾ റദ്ദാവുന്ന സംവിധാനമാണ് പ്രാബല്യത്തിൽ വന്നത്.
ആറുമാസത്തിലധികം തുടർച്ചയായി രാജ്യത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ താമസരേഖകൾ കുവൈറ്റ് നിയമപ്രകാരം റദ്ദാവും, എന്നാൽ കൊവിഡ് കാലത്ത് വിമാനസർവീസുകൾ റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിരുന്നതിനെ തുടർന്ന് യാത്രാ പ്രതിസന്ധി നിലനിന്നിരുന്നതിനാൽ ഈ വ്യവസ്ഥയ്ക്ക് താത്കാലിക ഇളവ് നൽകിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ഈ ഇളവ് എടുത്തു കളഞ്ഞു.
വിവിധ വിസകളിൽ രാജ്യത്ത് കഴിഞ്ഞിരുന്ന പ്രവാസികൾക്ക് പലഘട്ടങ്ങളിലായി തിരിച്ചെത്താൻ സമയക്രമം നിശ്ചയിച്ചിരുന്നു. ആർട്ടിക്കിൾ 18 വിസകൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ അവസാനവും മറ്റു വിസകൾക്ക് ഈ വർഷം ജനുവരി 31ഉം ആയിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി. ഗാർഹിക തൊഴിലാളികൾക്ക് നേരത്തെതന്നെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.
ആറു മാസത്തിലധികം രാജ്യത്തിന് പുറത്തു കഴിഞ്ഞിരുന്ന പ്രവാസികൾക്ക് തിരിച്ചെത്താൻ അനുവദിച്ചിരുന്ന അവസാന തീയതിയും കഴിഞ്ഞതോടെയാണ് താമസ രേഖകൾ റദ്ദാക്കി തുടങ്ങിയത്. ഇത്തരത്തിൽ ഇഖാമ റദ്ദായവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ കുവൈറ്റിലേക്ക് വരാൻ കഴിയൂ.