സിൽവർ ലൈൻ; മുഖ്യമന്ത്രിയുമായി റെയിൽവേ മന്ത്രി ചർച്ച നടത്തും

Thursday 30 March 2023 1:16 AM IST

ന്യൂഡൽഹി:സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കേരളത്തിലെത്തുന്ന റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വി‌ജയനുമായി ചർച്ച നടത്തും. കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയതാണിത്. സംസ്ഥാനത്തിന് ഗുണകരമായ പ്രതികരണമാണ് കേന്ദ്ര മന്ത്രിയിൽ നിന്നുണ്ടായത്. ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം ക്രിയാത്മക നടപടിയുണ്ടാകുമെന്ന് അറിയിച്ചതായും തോമസ് പറഞ്ഞു.

നേമം കോച്ചിംഗ് ടെർമിനൽ പ്രോജക്ട് നടപ്പിലാക്കണമെന്നതാണ് ഒന്നാമതായി ആവശ്യപ്പെട്ടത്. അങ്കമാലി- എരുമേലി ശബരി ന്യൂലൈൻ പദ്ധതി ശബരിമല തീർത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഉപയോഗപ്പെടും. ഇതിന്റെ 50 ശതമാനം ചെലവ് കേരള സർക്കാർ വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കൈമാറി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സമാന്തര അലൈൻമെന്റ് കൂടി പരിശോധിക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. . കാഞ്ഞങ്ങാട് - പാണത്തൂർ - കണിയൂർ ന്യൂ ലൈൻ പദ്ധതിയുടെയും 50 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. തലശ്ശേരി - മൈസൂർ - നിലമ്പൂർ - നഞ്ചംഗുഡ് ലൈനിൽ കേരളത്തിലെ സർവ്വേ പൂർത്തിയായിട്ടുണ്ട്. പാതയിരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു..