സ്ത്രീകളെ ശല്യപ്പെടുത്തുന്നതൊക്കെ ഒറ്റപ്പെട്ട ഒന്നിലധികം സംഭവങ്ങൾ, കേരളത്തിലേത് ഫലപ്രദമായ ആഭ്യന്തര സംവിധാനമെന്ന് എം വി ഗോവിന്ദൻ

Thursday 30 March 2023 10:40 AM IST

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒറ്റപ്പെട്ട ഒന്നിലധികം സംഭവങ്ങൾ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നത്. പൊലീസ് സേനയിലെ ക്രിമിനലുകളെ സർക്കാർ നിയന്ത്രിച്ചു വരികയാണ്. കേരളത്തിന്റെ ആഭ്യന്തര ചരിത്രത്തിൽ ആദ്യമായി പ്രശ്നക്കാരായ ഉയർന്ന ഉദ്യോഗസ്ഥന്മാരായ പൊലീസുകാരെ പുറത്താക്കിയത് ഈ സർക്കാരാണെന്നും ഗോവിന്ദൻ പറഞ്ഞു.

സർക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസുകാരെ പുറത്താക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സിപിഎം സംസ്ഥാനസെക്രട്ടറി വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിൽ നിന്ന്-

''പൊലീസുകാരുടെ പേരിൽ ഉയരുന്ന പരാതികളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഫലപ്രദമായ രീതിയിലുള്ള ആഭ്യന്തര സംവിധാനമാണ് കേരളത്തിലുള്ളത്. ഒറ്റപ്പെട്ട ഒന്നിലധികം സംഭവങ്ങളുണ്ടാകും. അതിനെന്താ കുഴപ്പം. ഒറ്റപ്പെട്ട ഒന്നിലധികം സംഭവങ്ങളോട് സർക്കാർ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് നോക്കേണ്ടത്. അത് കൃത്യമായും ന്യായമായും ശാസ്ത്രീയമായും കൈകാര്യം ചെയ്യുന്നുണ്ട്. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിക്കുന്നത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസായി തുടരാൻ പറ്റില്ല എന്നുള്ളതാണ് സന്ദേശം''.