മകൻ ജീവനൊടുക്കി, വിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

Thursday 30 March 2023 11:29 AM IST

അമ്പലപ്പുഴ: മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ (54)യാണ് മരിച്ചത്. ഇവരുടെ മകൻ നിധിൻ (32) ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.

മത്സ്യത്തൊഴിലാളിയായ നിധിനെ രാത്രി എട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മകൻ മരിച്ച വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പതിനൊന്നോടെ മരിച്ചു.

അമ്മയുടെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും. അതേസമയം, നിധിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).