അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്‌ക്കടുത്ത്, കൂടെ അഞ്ച് കാട്ടാനകളും; കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റർ അകലെയെത്തി

Thursday 30 March 2023 2:54 PM IST

ഇടുക്കി: അരിക്കൊമ്പനും അഞ്ച് കാട്ടാനകളും ജനവാസ മേഖലയ്ക്കടുത്ത്. കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റർ അകലെ സിങ്കുകണ്ടം സിമന്റ് പാലത്തിന് സമീപമാണ് ആനക്കൂട്ടമുള്ളത്. അതേസമയം, അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു.

സമരക്കാർ ദേശീയപാത ഉപരോധിച്ചു. രാവിലെ ആറ് മണിക്ക് തടഞ്ഞിട്ട വാഹനങ്ങൾ പത്ത് മണിയോടെയാണ് കടത്തിവിട്ടിരുന്നു. തോട്ടം മേഖലയും സ്‌തംഭിച്ചിരിക്കുകയാണ്. വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.വിദ്യാർത്ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്ന് കോടതി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആനയുടെ ആവാസമേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും ഇന്നലെ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.