'കോൺഗ്രസിന് സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി'; ഒരാൾ ഒഴിവായാൽ അത്രയും നല്ലത് എന്നാണ് പാർട്ടിയുടെ മനോഭാവമെന്ന് കെ മുരളീധരൻ

Friday 31 March 2023 10:35 AM IST

കൊച്ചി: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന് കെ മുരളീധരൻ എംപി. കെപിസിസി മുൻ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചു. പാർട്ടി മുഖപത്രത്തിലെ സപ്ലിമെന്റിലും പേരുണ്ടായില്ല. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അതൃപ്തി അറിയിച്ചെന്നും കെ മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നും മുരളീധരൻ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചത്. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മുരളീധരന്റെ പരാതി. ആഘോഷ വേദിയിൽ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാൻ അവസരം നൽകിയിരുന്നില്ല. വേദിയിലെത്തിയ കെ മുരളീധരന് ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല. പ്രസംഗിക്കാൻ മുൻ കെപിസിസി അദ്ധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മുരളീധരൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനോട് ചോദിച്ചിരുന്നു. സദസ് നിയന്ത്രിച്ചവർ മറന്നുപോയതാവാം എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

സുധാകരൻ തന്നെ ഒഴിവാക്കിയെന്ന പരാതി കെ മുരളീധരൻ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും എംഎം ഹസനും മാത്രമായിരുന്നു വേദിയില്‍ പ്രസംഗിച്ചത്. പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ ശശി തരൂര്‍ എംപിയും അതൃപ്തനാണ്. കെപിസിസി അദ്ധ്യക്ഷന്‍ പ്രത്യേകം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശശി തരൂര്‍ എത്തിയത്.

നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ എംപിമാരായ കെ മുരളീധരനും എംകെ രാഘവനും പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും, നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ കോൺഗ്രസിൽ സ്ഥാനമുള്ളുവെന്നും നോട്ടീസ് നല്‍കിയ വിഷയത്തില്‍ കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിലെന്നും പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്നും ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എംകെ രാഘവനും പ്രതികരിച്ചിരുന്നു.