മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം: ദുരിതാശ്വാസനിധി കേസിൽ ലോകായുക്തയ്ക്കുള്ളിൽ ഭിന്നത, തീരുമാനം ഫുൾ ബെഞ്ചിന് വിട്ടു
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം. കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരായ കേസിൽ കഴിഞ്ഞവർഷം മാർച്ച് 18ന് വാദം പൂർത്തിയായിട്ടും വിധി പറയാത്തതിനാൽ കേസിലെ ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ കേരള ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതിലും ചെങ്ങന്നൂരിൽ എംഎൽഎയായിരിക്കെ അന്തരിച്ച കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ട് ലക്ഷം രൂപ അനുവദിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യയ്‌ക്ക് 20 ലക്ഷം രൂപ അനുവദിച്ചത് എന്നിങ്ങനെ നടപടികളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നും ഈ തുക അന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നുമായിരുന്നു ഹർജി.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപനം നടത്താൻ കഴിയുന്ന ലോകായുക്തയുടെ 14–ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് സർക്കാർ ഓർഡിസൻസ് ഇറക്കിയത്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമന കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്. ഇതോടെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുച്ചുകൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു സർക്കാർ കൊണ്ടുവന്ന ഭേദഗതി. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പഴയ നിയമമാണ് ഇപ്പോൾ നിലനിൽക്കുന്നത്.