ലോകായുക്ത വിധി മുഖ്യമന്ത്രിയ്‌ക്ക് തിരിച്ചടി, അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവയ്‌ക്കണമെന്ന് ബിജെപി

Friday 31 March 2023 1:45 PM IST

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ സംസ്ഥാന സ‌ർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും താൽക്കാലിക ആശ്വാസം പകരുന്ന ലോകായുക്ത ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്നംഗ ബെഞ്ചിൽ ഒരു ജ‌ഡ്‌ജിയുടെ വിധി എതിരാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'വിധി മുഖ്യമന്ത്രിയ്‌ക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നത് തന്നെയാണ് വിധി. ലോകായുക്ത വിധി വരാൻ ഒരു വർഷം വൈകിയത് സംശയാ‌സ്‌പദമെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാതെ മുഖ്യമന്ത്രി രാജിവയ്‌ക്കണം.' സുരേന്ദ്രൻ ആവശ്യപ്പെടുന്നു.

ദുരിതാശ്വാസ നിധി തട്ടിപ്പ്കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.