എം വി ഗോവിന്ദന് ചില്ലിക്കാശ് പോലും നൽകില്ല, മാനനഷ്ടക്കേസിൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി

Friday 31 March 2023 7:17 PM IST

ബംഗളുരു : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദ്ൻ കേസിന് പോകുമോ എന്നും സ്വപ്ന പറഞ്ഞു.

വിജേഷ് പിള്ളയെ എം.വി. ഗോവിന്ദൻ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാൽ എം.വി. ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാന രഹിതമാണെന്നും സ്വപ്ന പറഞ്ഞു. ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന വ്യക്തമാക്കി.

എം.വി. ഗോവിന്ദനെ കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം.വി. ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ലെന്നും മറുപടിയിലുണ്ട്.