ഈ ദിവസങ്ങളിൽ വയനാട് ചുരം വഴി പോകുന്നവർ ശ്രദ്ധിക്കണം; വാഹനങ്ങൾക്ക് പ്രവേശനം നിശ്ചിത സമയങ്ങളിൽ മാത്രം

Saturday 01 April 2023 8:32 AM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഉത്സവാഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം എന്നിവ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌ക്കരമാകുന്നത് തടയാൻ ജില്ലാ കളക്ടർ എ.ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതു അവധി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നു മണി മുതൽ രാത്രി ഒമ്പത് വരെ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല.

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായി അടിവാരം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിലെ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും പിഴ ഈടാക്കാം. പുറമ്പോക്ക് കൈയേറി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സർവേ നടത്തി നടപടി സ്വീകരിക്കും. ചുരത്തിൽ എന്തെങ്കിലും തടസങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തിൽ നിന്നും ലക്കിടിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ഡി.എഫ്.ഒ അബ്ദുൾ ലത്തീഫ്, താമരശ്ശേരി തഹസിൽദാർ സി.സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് ടി.കെ, കൊടുവള്ളി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിജിത്ത്.എൻ.ജയപാലൻ, പി.ഡബ്‌ള്യു.ഡി ഇ.ഇ.വിനയരാജ്.കെ, പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ഇ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു.വി.ഐ.എസ്, ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പി.കെ.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement