മദ്യപിക്കുന്നവർക്ക് കനത്ത പ്രഹരം; മദ്യത്തിന് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതിലുമധികം വില കൂടുമെന്ന് ബെവ്‌കോ

Saturday 01 April 2023 5:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. വിറ്റുവരവ് നികുതിയിലാണ് വർദ്ധനവുണ്ടാകുന്നത്. ഇതോടെ ബഡ്‌‌ജറ്റിൽ പ്രഖ്യാപിച്ചതിലും കൂടുതലായിരിക്കും മദ്യത്തിന് വില. നഷ്ടം മറികടക്കാനാണ് വില കൂട്ടിയതെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ വിശദീകരണം.

ഇതോടെ 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ കൂടും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയും വർദ്ധിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ മദ്യത്തിന് 20 രൂപ കൂടുമെന്നായിരുന്നു ബഡ്‌ജറ്റിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പുറമേ പത്ത് രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിപ്പ്. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപയ്ക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപയുമാണ് വർദ്ധിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതാണ് വില വർദ്ധനവിന് ഇടയാക്കിയത്.

കഴിഞ്ഞ ഡിസംബറിൽ മദ്യത്തിന് പത്ത് മുതൽ 20 രൂപവരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് ബെവ്‌കോ വീണ്ടും വില കൂട്ടുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് വേണ്ടിയുമാണ് വര്‍ദ്ധനയെന്നാണ് സര്‍‌ക്കാര്‍ നൽകുന്ന വിശദീകരണം.