ഇന്ധന സെസ് രാജ്യത്തെ ചലിപ്പിക്കാൻ,​ തുക പോകുന്നത് അവശജനങ്ങളുടെ സഹായത്തിനെന്ന് ഇ പി ജയരാജൻ

Saturday 01 April 2023 7:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഇന്ധനത്തിന് ഏ‍ർപ്പെടുത്തിയ അധികനികുതിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജൻ പറഞ്ഞു.

62 ലക്ഷം പേർക്ക് 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ് സെ സ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോൺഗ്രസിന് രാജ്യത്തെക്കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല,​ അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ടു രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സെസ് പ്രഖ്യാപനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. പെട്രോളിനും ഡീസലിനും ഇന്നുമുതൽ 2 രൂപ അധികം നൽകണം. ക്ഷേമപെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്,​ സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് സെസ് പിരിക്കുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം.