ദുരിതാശ്വാസനിധി തിരിമറി: മുഖ്യമന്ത്രിക്കെതിരായ കേസ് ഇനി ഹൈക്കോടതിയിൽ

Sunday 02 April 2023 12:08 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എതിർകക്ഷിയാക്കിയുള്ള ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസ് ഹൈക്കോടതിയിലേക്ക്. മന്ത്രിസഭാ തീരുമാനം അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്നും പരാതിയിൽ കഴമ്പുണ്ടോയെന്നും ഉറപ്പാക്കാൻ ഫുൾബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹർജിക്കാരനായ കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ഹൈക്കോടതി വേനലവധിക്ക് അടയ്ക്കും മുൻപ് അപ്പീൽ നൽകാനാണ് ശ്രമം.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചൂണ്ടിക്കാട്ടി 2018സെപ്തംബറിൽ ആർ.എസ്.ശശികുമാർ നൽകിയ ഹർജി അന്ന് ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുൾബെഞ്ച് വിശദമായ വാദം കേട്ടശേഷമാണ് ഫയലിൽ സ്വീകരിച്ചത്. ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നും നിലനിൽക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു 2019 ജനുവരി 14ന് ഫുൾബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരാണ് ഹർജിയുടെ സാധുത പരിശോധിക്കാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദുമടങ്ങിയ രണ്ടംഗ ബെഞ്ച് വീണ്ടും ഫുൾബെഞ്ചിന് വിട്ടത്. ബെഞ്ചിൽ ഭിന്നാഭിപ്രായമുള്ളതിനാൽ ഫുൾബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ എന്തൊക്കെ കാര്യങ്ങളിലാണ് വിയോജിപ്പെന്ന് ഉത്തരവിലില്ല. യോജിപ്പും വിയോജിപ്പും അടങ്ങിയ വിധിന്യായങ്ങൾ പ്രത്യേകം ഇറക്കേണ്ടതാണ്. അങ്ങനെയല്ലാത്തതിനാൽ ഹർജി ഫുൾബെഞ്ചിന് വിട്ട ഉത്തരവ് വ്യവസ്ഥാപിതമല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടും.

ഫുൾബെഞ്ച്

എന്നുചേരും

ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായാൽ ലോകായുക്ത നിയമത്തിലെ 7(1)പ്രകാരം ഫുൾബെഞ്ച് പരിഗണിച്ച് ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കണം. ഫുൾബെഞ്ച് എന്ന് ചേരുമെന്നോ എന്ന് പരിഗണിക്കുമെന്നോ ഉത്തരവിലില്ല.

രണ്ടംഗബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉൾപ്പെട്ട ഫുൾബെഞ്ചിന് കേസ് രേഖകൾ കൈമാറും. വീണ്ടും അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തണം.ഹർജിക്കാരനെയും മുഖ്യമന്ത്രിയെയും വീണ്ടും കേൾക്കണം.

Advertisement
Advertisement