ബ്രഹ്മപുരം തീപിടിത്തം അട്ടിമറി അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

Sunday 02 April 2023 1:31 AM IST

കൊച്ചി: ബ്രഹ്മപുരം സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യക്കുന്നുകൾക്ക് സ്വയം തീപിടിച്ചതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. കാലങ്ങളായി കെട്ടിക്കിടന്ന ഖരമാലിന്യങ്ങളിൽ വലിയതോതിൽ രാസമാറ്റം സംഭവിച്ചതിനെ തുടർന്ന് ഉത്പാദിക്കപ്പെട്ട മീഥൈൻ അടക്കമുള്ള വാതകങ്ങളാണ് തീപിടിത്തത്തിന്റെ പ്രധാന കാരണമെന്ന് തൃശൂർ ഫോറൻസിക് ലാബ് പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽനിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

വേഗത്തിൽ തീപിടിക്കാൻ സാദ്ധ്യതയുള്ള നിരവധി ഖരമാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടിത്തമാണ് ഇത്തവണത്തേതും. ശക്തമായ കാറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി. അട്ടിമറിയില്ലെന്നായിരുന്നു പൊലീസിന്റെയും കണ്ടെത്തൽ.

അമിതമായ ചൂടും 12 ദിവസത്തോളം നീണ്ടുനിന്ന തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. വിശദമായി നടത്തിയ അന്വേഷണത്തിൽ പ്ലാന്റിൽ തീയിട്ടതിന് തെളിവില്ല. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. ഇനിയും തീപിടിത്തിന് സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തീ കത്തിയ സ്ഥലത്തുനിന്ന് പത്തംഗസംഘം ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.