ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വൻ വിജയം : വിക്ഷേപണ റോക്കറ്റ് റൺവേയിൽ ഇറക്കി ഇന്ത്യ

Monday 03 April 2023 2:50 AM IST
ഇന്നലെ പരീക്ഷിച്ച ആർ.എൽ.വി.റോക്കറ്റ്

തിരുവനന്തപുരം: ബഹിരാകാശത്ത് എത്തി ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് മടങ്ങിയെത്തുന്ന വിമാനരൂപത്തിലുള്ള പുനരുപയോഗ റോക്കറ്റ് (ആർ.എൽ.വി)ഭൂമിയിലെ റൺവേയിലിറക്കുന്ന പരീക്ഷണത്തിൽ ഇന്ത്യ ചരിത്രവിജയം കുറിച്ചു.

കർണാടകത്തിലെ ചിത്രദുർഗയിലെ ഐ.എസ്.ആർ.ഒ.യുടെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലെ റൺവേയിൽ ഇന്നലെ രാവിലെയായിരുന്നു പരീക്ഷണം.

തിരിച്ചിറങ്ങാനും അടുത്ത വിക്ഷേപണത്തിനായി ബഹിരാകാശത്തേക്ക് കുതിക്കാനും ഇത്തരം റോക്കറ്റുകൾക്കാകും.

വിക്ഷേപണച്ചെലവ് കുത്തനെ കുറയ്ക്കാനും ബഹിരാകാശ ടൂറിസത്തിനും ആകാശയാത്രകൾക്ക് അതിവേഗ ബഹിരാകാശ വാഹനങ്ങൾ ഉപയോഗിക്കുന്ന പദ്ധതികൾക്കും സ്പെയ്സ് സ്റ്റേഷൻ പദ്ധതിക്കും പ്രയോജനപ്പെടുന്നതാണ് ഈ പരീക്ഷണവിജയം. ഇതിലെ സാങ്കേതികവിദ്യകൾ ജി.എസ്.എൽ.വി, പി.എസ്.എൽ.വി.റോക്കറ്റുകളുടെ മികച്ച പ്രവർത്തനത്തിനുപകരിക്കും.

സ്പെയ്സ് എക്സിന്റെ ഫാൽക്കൺ റോക്കറ്റുകളുൾപ്പെടെയുള്ള പുനരുപയോഗ റോക്കറ്റുകൾ കടലിലെ പ്രത്യേക ബാർജുകളിലാണ് ഇറക്കുന്നത്.

ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.എസ്.സോമനാഥിന്റെ നേതൃത്വത്തിൽ വി.എസ്.എസ്.സി.ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻനായർ, എ.ടി.എസ്.പി.പ്രോഗ്രാം ഡയറക്ടർ ശ്യാംമോഹൻ.എൻ. എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വംനൽകിയത്. ആർ.എൽ.വി പ്രൊജക്ട് ഡയറക്ടർ ഡോ.ജയകുമാർ.എം.മിഷൻ ഡയറക്ടറുംഅസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ മുത്തുപാണ്ഡ്യൻ.ജെ വെഹിക്കിൾ ഡയറക്ടറുമായിരുന്നു.

#പരീക്ഷണം 4.6 കി.മീ.

ഉയരത്തിൽ

1.രാവിലെ 7.10ന് ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്ത്യൻസേനയുടെ അമേരിക്കൻ നിർമ്മിത ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ആർ.എൽ.വി.റോക്കറ്റ് ഭൂമിയിൽ നിന്ന് 4.6കിലോമീറ്റർ ഉയരത്തിലെത്തിച്ചു.

2. സ്വതന്ത്രമാക്കിയ റോക്കറ്റിനെ അതിലെ ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾസിസ്റ്റം ഉപയോഗിച്ച് നിയന്ത്രിച്ച് ഭൂമിയിലെ റൺവേയിലേക്ക്.

പിന്നിൽ ഘടിപ്പിച്ചിരുന്ന പാരച്യൂട്ട് വിടർത്തി വേഗം ക്രമമായി കുറച്ചുകൊണ്ടുവന്നു.

3.റൺവേയിൽ തൊട്ട റോക്കറ്റ്, വിമാനംപോലെ റൺവേയിലൂടെ ഓടി നിശ്ചിത സ്ഥാനത്ത് നിന്നു.

റോക്കറ്റുകളുടെ റീഎൻട്രിയുമായി ബന്ധപ്പെട്ട റിലീസ് വ്യവസ്ഥകളിൽ സ്ഥാനം,വേഗത,ഉയരം,ബോഡി റേറ്റ് തുടങ്ങിയ പത്തോളം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടു.