നെല്ലളക്കാൻ പരിധിയില്ല, 2200 കിലോയിൽ കൂടിയാലും സംഭരിക്കും

Tuesday 04 April 2023 12:09 AM IST

പാലക്കാട്: ജില്ലയിലെ നെൽകർഷകർക്ക് ആശ്വാസം, കൃഷി ഓഫീസറുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ നെല്ലിന്റെ വിളവ് ഏക്കറിന് 2200 കിലോയിൽ കൂടിയാലും സപ്ലൈകോ സംഭരിക്കും. കൃഷി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഏക്കറിന് 2200 കിലോയിൽ അധികമുള്ള നെല്ല് സംഭരിക്കുന്നതിന് അതാത് പാഡി പ്രൊക്യുയർമെന്റ് അസിസ്റ്റന്റ് നൽകുന്ന രേഖാ മൂലമുള്ള വിവരം അടിസ്ഥാനമാക്കി കൃഷി ഓഫീസർക്ക് പെർമിറ്റ് നൽകാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഉത്തരവിൽ പറയുന്നു. കെ.ഡി.പ്രസേനൻ എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് നടപടി.

ഇത്തവണ കാലാവസ്ഥ അനുകൂലമാവുകയും ആവശ്യത്തിന് വെള്ളം കിട്ടുകയും ചെയ്തതോടെ രണ്ടാംവിളയ്ക്ക് ഏക്കറിന് 2500 വരെ വിളവുണ്ട്. ഈ സാഹചര്യത്തിലാണ് ഏക്കറിന് 2200 എന്ന പരിധി ഒഴിവാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടത്. ഇത്തവണ അധിക നെല്ലെടുപ്പിന് പരിധി നിശ്ചയിച്ചില്ല. ക്രമക്കേട് തടയാൻ കർശന പരിശോധനയ്ക്ക് ശേഷമേ നെല്ലെടുക്കൂ. സപ്ലൈകോ വിജിലൻസിന് പുറമേ പൊലീസും വിജിലൻസ് വിഭാഗവും നെല്ലെടുപ്പ് നടപടി നിരീക്ഷിക്കും.

സീസണിൽ ഇതുവരെ ജില്ലയിൽ നിന്ന് 1.42 ലക്ഷം മെട്രിക് ടൺ നെല്ലെടുത്തു. 398 കോടിയാണ് കർഷകർക്ക് ലഭക്കേണ്ടത്. തുക വിതരണം അതിവേഗം നടക്കുന്നുണ്ട്. മാർച്ച് പകുതി വരെ പി.ആർ.എസ് ലഭിച്ചവർക്ക് തുക അക്കൗണ്ടിലേക്ക് നൽകുന്നുണ്ട്. മാർച്ച് 31വരെ പി.ആർ.എസ് ലഭിച്ച കർഷകർക്ക് ഏപ്രിൽ ആദ്യം തുക കൊടുത്തുത്തീർക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കർഷകരുടെ അക്കൗണ്ടിലേക്ക് സപ്ലൈക്കോയിൽ നിന്ന് നേരിട്ട് പണം നൽകുന്നതിനാൽ അവരുടെ സിബിൽ സ്കോറിനെയും ബാധിക്കില്ല.