കല്ല്യാണ മണ്ഡപങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് സംവിധാനമായി

Tuesday 04 April 2023 1:17 AM IST
ടി.ഡി.എം ഹാളിൽ നടന്ന മാലിന്യസംസ്കരണ സെമിനാറിൽ മേയർ എം. അനിൽകുമാർ സംസാരിക്കുന്നു

കൊച്ചി: കല്ല്യാണ മണ്ഡപങ്ങളുടെയും പാരിഷ്ഹാളുകളുടെയും ഇവന്റ് സെന്ററുകളുടെയും മാലിന്യ സംസ്‌കരണത്തിന് സംവിധാനമായി. ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു തന്നെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അതിന് സ്ഥലസൗകര്യമില്ലാത്തവർ ശുചിത്വമിഷൻ അംഗീകരിച്ച സർവീസ് പ്രൊവൈഡർമാർക്ക് മാലിന്യം കൈമാറുവാനും ഇന്നലെ ടി.ഡി.എം ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. എല്ലാ കല്ല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കും.

എറണാകുളം ടി.ഡി.എം ഹാളിൽ കോർപ്പറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ കല്യാണ മണ്ഡപങ്ങൾ, പാരിഷ്ഹാളുകൾ, ഇവന്റ് സെന്ററുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

മേയർ എം. അനിൽകുമാർ വിഷയം അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.