പുകച്ചിലുകൾക്കിടെ ഇന്ന് കെ.പി.സി.സി എക്സി. യോഗം

Tuesday 04 April 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് ചേരും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിലെ മുഖ്യ ചർച്ച, 11ന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമൊരുക്കലാണ്.

കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷച്ചടങ്ങിൽ പ്രസംഗിക്കാനവസരം നൽകാതെ അപമാനിച്ചെന്നാരോപിച്ച കെ. മുരളീധരനെ ശശി തരൂർ പിന്തുണച്ചത് വിവാദം കൊഴുപ്പിച്ചു. മുൻ പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം. സുധീരനെയും ചടങ്ങിന് ക്ഷണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നു. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിൽ ആദ്യമായി പങ്കെടുത്ത ചടങ്ങിന്റെ പേരിലുയർന്ന പോര് പാർട്ടിക്ക് നാണക്കേടായി.

ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന എങ്ങുമെത്താതെ നിൽക്കുന്നതും ചർച്ചയായേക്കും. ഉന്നത നേതാക്കളുമായി താരിഖ് അൻവർ പ്രത്യേകം കൂടിക്കാഴ്ച നടത്തും. പുനഃസംഘടനാ നടപടികൾ അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം രൂപീകരിച്ച സംസ്ഥാന തല ഉപസമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. ജില്ലകളിൽ നിന്നെത്തിയ കരട് പുനഃസംഘടനാ പട്ടികകളുടെ

സൂക്ഷ്മ പരിശോധനയ്ക്ക് ഉപസമിതി ചേരണം. നാളെ രാഹുലിന് ഐക്യദാർഢ്യവുമായി യു.ഡി.എഫിന്റെ രാജ്ഭവൻ സത്യഗ്രഹം നിശ്ചയിച്ചിരിക്കുകയാണ്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് കാലേക്കൂട്ടി താഴെത്തലം മുതൽ സംഘടനയെ ശക്തിപ്പെടുത്താനുതകുന്ന കർമ്മ പരിപാടികൾ യോഗം ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിനെതിരായ സമര പരിപാടികളും ചർച്ചയാവും.