സെക്രട്ടേറിയറ്റിൽ അക്സസ് സംവിധാനം ഉപേക്ഷിച്ചേക്കും; വെള്ളത്തിലാകുന്നത് 1.98 കോടി
തിരുവനന്തപുരം: ജീവനക്കാർ ഡ്യൂട്ടി സമയത്ത് മുങ്ങുന്നത് ഒഴിവാക്കാൻ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ച അക്സസ് കൺട്രോൾ സംവിധാനം ആദ്യദിനം തന്നെ പാളിയതിനാൽ മെഷീനുകൾ ഇളക്കി മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. അങ്ങനെയെങ്കിൽ അതിനായി മുടക്കിയ 1.98 കോടി വെള്ളത്തിലാകും. ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനിരുന്ന സംവിധാനം പാളിയത്.
മെയിൻ ബ്ളോക്കിലും രണ്ടു അനക്സുകളിലുമായി 75 അക്സസ് കൺട്രോൾ മെഷീനുകളാണ് സ്ഥാപിച്ചത്. ഇത് സന്ദർശകർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കമെന്ന് അറിയുന്നു. ഇതിനായി പ്രധാന കവാടത്തിലേത് മാത്രം നിലനിറുത്തി മറ്റുള്ളവ ഇളക്കിമാറ്റിയേക്കും. രണ്ടുമാസത്തേക്ക് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. അതുകഴിഞ്ഞശേഷമാകും അന്തിമ തീരുമാനം.
അക്സസിനെ ശമ്പള സോഫ‌്ട്‌വെയറായ സ്‌പാർക്കുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചതാണ് ഭരണപക്ഷത്തെ അടക്കമുള്ള സംഘടനകളുടെ എതിർപ്പിന് ഇടയാക്കിയത്. ഔദ്യോഗിക ആവശ്യത്തിനായി പുറത്തുപോയാലും ശമ്പളം നഷ്ടമാകുമെന്ന സ്ഥിതിയുണ്ടാകുമെന്നാണ് സംഘടനകളുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ സ്പാർക്കുമായി ബന്ധിപ്പിക്കുമെന്ന ഭാഗം ഒഴിവാക്കി പൊതുഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുൻ ഉത്തരവ് പരിഷ്‌കരിച്ച് ഇറക്കിയിരുന്നു.
സന്ദർശകർ വലയും
സുരക്ഷയുടെ പേരിൽ അക്സസ് സംവിധാനം സന്ദർശകർക്ക് മാത്രമായി പരിമിതപ്പെടുത്തിയാൽ ജനം വലയും. വൈകിട്ട് മൂന്നു മുതൽ 5 വരെയാണ് നിലവിൽ സന്ദർശന സമയം. അക്സസ് വന്നാൽ സന്ദർശകർ റിസപ്ഷനിൽ നിന്ന് ഏത് സെക്ഷനിലേക്കാണ് പോകേണ്ടതെന്ന് രേഖപ്പെടുത്തി പ്രത്യേകം കാർഡ് വാങ്ങിവേണം ഉള്ളിലേക്ക് കടക്കാൻ. മറ്റൊരു സെക്ഷനിലേക്ക് പോകണമെങ്കിൽ വീണ്ടും റിസപ്ഷനിലെത്തി ആദ്യ കാർഡ് മാറ്റി മറ്റൊരു കാർഡ് വാങ്ങേണ്ടിവരും.