മധു വധക്കേസ് ഇന്നു വിധി

Tuesday 04 April 2023 12:00 AM IST

മണ്ണാർക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് എസ്.സി,​എസ്.ടി കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ചു വർഷത്തിനുശേഷമാണ് വിധി വരുന്നത്. നേരത്തെ മാർച്ച് 18നും പിന്നീട് 30നും വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി നടപടികൾ പൂർത്തിയാകുന്നതിലെ കാലതാമസം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം പിടികൂടി മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ്‌ മരണമെന്ന് കണ്ടെത്തി പൊലീസ് 16 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒന്നര വർഷത്തിനുശേഷം 2019ൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.

വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ. 2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂർവ നടപടിയുണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും വലിയ ചർച്ചകൾക്ക് വഴിവച്ചു. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും കേസ് സാക്ഷ്യം വഹിച്ചു. പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപ്പെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽകുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാർച്ച് നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കൊപ്പം ഡിജിറ്റൽ തെളിവുകളും വിചാരണയ്ക്കിടെ വിശദമായി കോടതി പരിശോധിച്ചു.