ആറ് കോർപ്പറേഷനുകളുടെ 34% പദ്ധതി വിഹിതം പാഴായി
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയിൽ ആറ് കോർപറേഷനുകളിൽ പദ്ധതി വിഹിതം ചെലവാക്കിയത് 66.16% മാത്രം. ബാക്കി പാഴായി. (തിരുവനന്തപുരം 66.37%. കൊച്ചി 75.05%). മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവാക്കിയത് 90.34ശതമാനത്തിൽ ഒതുങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ 8048 കോടിയിൽ 97ശതമാനവും കൊടുത്തെന്ന് ധനവകുപ്പ് പറയുമ്പോഴാണിത്.
ആസൂത്രണ ബോർഡിന്റെ തത്സമയ പദ്ധതി ചെലവ് വെബ് സൈറ്റായ പ്ളാൻ സ്‌പെയ്സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം.
തദ്ദേശസ്ഥാപനങ്ങൾ പദ്ധതി വിഹിതം പൂർണമായി ചെലവാക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇത് തള്ളിയ സർക്കാർ, 97% ചെലവാക്കിയെന്നും ചില തദ്ദേശസ്ഥാപനങ്ങളിൽ നൂറ് ശതമാനവും ചെലവാക്കിയെന്നും അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മൊത്തം പദ്ധതി ചെലവ് 71.21ശതമാനമാണ്. ഇത് മുൻ വർഷങ്ങളേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 93.45ശതമാനവും അതിന് മുമ്പത്തെ വർഷം 97%ശതമാനവും ചെലവാക്കിയിരുന്നു.
22,322കോടിയാണ് സംസ്ഥാന പ്ളാൻ ഫണ്ട്. സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ സാധാരണ 22,000കോടിയാണ് ചെലവ്. ഇക്കുറി 21,000കോടിയോളം ചെലവാക്കിയെന്നും മികച്ച ധനമാനേജ്മെന്റിലൂടെ പ്രതിസന്ധി മറികടന്നെന്നുമാണ് സർക്കാർ പറഞ്ഞത്.
മാത്രമല്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഏപ്രിൽ ഒന്നിന് നൽകേണ്ടിയിരുന്ന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളപരിഷ്ക്കരണ കുടിശികയുടെ നാലിലൊന്നും ഏപ്രിൽ ഒന്നു മുതൽ ലീവ് സറണ്ടറും നൽകാതെ സർക്കാർ പിൻമാറിയിരുന്നു. സംസ്ഥാനത്തിന് വന്നുചേരേണ്ട 40,000കോടി രൂപ വിവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്രസർക്കാർ നിഷേധിച്ചതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നാണ് സർക്കാർ പറയുന്നത്. പുതിയ സാമ്പത്തിക വർഷത്തിലും ഞെരുക്കം തുടരുമെന്നാണ് സൂചനകൾ.