ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയിൽ അനാസ്ഥ: അടൂർ പ്രകാശ്

Tuesday 04 April 2023 12:00 AM IST

ന്യൂഡൽഹി: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ അനാസ്ഥ കാട്ടുകയാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 8.81 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഢി ലോക്സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചിരുന്നു. 2018-19ൽ 69.47 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ 2020ൽ പദ്ധതി ഉപേക്ഷിക്കാൻ നീക്കമുണ്ടായെങ്കിലും സമ്മർദ്ദങ്ങളെത്തുടർന്ന് ഉപേക്ഷിച്ചിരുന്നില്ല. 2022ൽ പദ്ധതി തുക 66.42 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. അനുവദിച്ച 15.57 കോടി രൂപയിൽ 8.81 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. കാലതാമസം വന്നതിൽ കേന്ദ്രം പദ്ധതിയിൽ വരുത്തിയ മാറ്റങ്ങളെയാണ് പഴിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.