അരിക്കൊമ്പൻ പ്രശ്നം: വിദഗ്ദ്ധ സമിതി ചിന്നക്കനാലിൽ
ഇടുക്കി: ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ സ്ഥിരമായി ആക്രമണം നടത്തുന്ന അരിക്കൊമ്പൻ വിഷയം പരിഹരിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ജില്ലയിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങി. അമിക്കസ് ക്യൂറി ഉൾപ്പെടെയുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ യോഗം ചേർന്ന ശേഷമാണ് സംഘം ചിന്നക്കനാലിലെത്തിയത്. ഇവിടെ ക്ഷണിക്കപ്പെട്ട 15 പേരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 5 ആദിവാസി ഊരുകളിൽ നിന്നുള്ള 10 പേരെയും ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ അഞ്ച് കർഷകരെയുമാണ് സംഘം കണ്ടത്. പ്രദേശത്തെ ജനപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ് ഓഫീസിന് സമീപം റോഡിലിരുന്ന് അവർ പ്രതിഷേധിച്ചു. ഡി.എഫ്.ഒ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച ജനപ്രതിനിധികളെ പൊലീസ് തടഞ്ഞിരുന്നു.
യോഗത്തിന് ശേഷം ,താപ്പാനകളുടെ താവളം സ്ഥിതി ചെയ്യുന്ന സിമന്റുപാലം, പന്നിയാറിൽ അരിക്കൊമ്പൻ 17 തവണ തകർത്ത റേഷൻകട, സിങ്കുകണ്ടം, ചിന്നക്കനാൽ തുടങ്ങി കാട്ടാന ശല്യമുണ്ടായ മേഖലകളിൽ സംഘം സന്ദർശനം നടത്തി. എന്നാൽ ഈ സന്ദർശന വേളയിലൊന്നും മറ്റാരെയും കാണുന്നതിനോ സംസാരിക്കുന്നതിനോ തയ്യാറായില്ല. ജനപ്രതിനിധികളിൽ ചിലരോട് മാത്രമാണ് കാര്യങ്ങൾ തിരക്കിയത്. അതേ സമയം ഏറെ പ്രതീക്ഷയോടെയാണ് സംഘത്തിന്റെ സന്ദർശനം നാട്ടുകാർ കാണുന്നത്.
തയ്യാറാക്കിയ വിവരങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് രാവിലെ പത്തിന് വീണ്ടും യോഗം ചേരുമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബു പറഞ്ഞു. റിപ്പോർട്ട് ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും.