8.99% പലിശനിരക്കിൽ വായ്പയുമായി ജിയോജിത്
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജിയോജിത് ക്രെഡിറ്റ്‌സ് മ്യൂച്വൽ ഫണ്ടുകളുടെ ഈടിൻമേൽ വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് എവിടെയിരുന്നും ഡിജിറ്റലായി വായ്പയ്ക്ക് അപേക്ഷിക്കാം. 10,000 രൂപ മുതൽ മുകളിലേക്ക് വായ്പ ലഭിക്കും. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളുടെ ഈടിൻമേൽ ഓൺലൈനായി പണം സമാഹരിക്കാൻ ഈ വായ്പ പദ്ധതി സഹായിക്കും. വായ്പയ്ക്ക് അപേക്ഷിച്ചാൽ തുക അവരുടെ രജിസ്റ്റർ ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കകം എത്തിച്ചേരും. മ്യൂച്വൽഫണ്ടുകളുടെ ഉടമസ്ഥതയും നേട്ടവും നിക്ഷേപകനു തന്നെ ആയിരിക്കുമെങ്കിലും വായ്പ തിരിച്ചടവ് പൂർത്തിയാകുന്നതുവരെ അതിൽ നിന്നും തുക പിൻവലിക്കാൻ സാധിക്കില്ല. തിരിച്ചടവുമായി ബന്ധപ്പെട്ട് പ്രത്യേക ചാർജുകളൊന്നും ഇല്ല. വായ്പയുടെ വാർഷിക പലിശ 8.99% മുതൽ ആരംഭിക്കുന്നു. വായ്പ കാലാവധിയിൽ നിക്ഷേപകൻ ഉപയോഗിച്ച പണത്തിനു മാത്രമേ പലിശ ഈടാക്കൂ. ദീർഘകാല സമ്പാദ്യ പദ്ധതിയുടെ ഭാഗമായ മ്യൂച്വൽ ഫണ്ട് തുക പിൻവലിക്കാതെ തന്നെ പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി മിതമായ നിരക്കിൽ വായ്പയെടുക്കാം എന്നതാണ് പ്രത്യേകതയെന്ന് ജിയോജിത് ക്രെഡിറ്റ്‌സ് ബിസിനസ് ഹെഡ് ബിജോയ് അന്ത്രപ്പേർ പറഞ്ഞു.