ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണൻ അന്തരിച്ചു
കൊച്ചി: ആന്ധ്ര, തെലങ്കാന, കൊൽക്കത്ത, ഛത്തിസ്‌ഗഡ് ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസും, കേരള ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ (64) അന്തരിച്ചു. ഇന്നലെ പുലർച്ചെ 3.15ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധയെത്തുടർന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയിലായിരുന്നു.
എളമക്കര ബി.ടി.എസ് റോഡിലെ വസതിയായ 'സായ് ഗായത്രി"യിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു.മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ മന്ത്രി എസ്. ശർമ്മ തുടങ്ങിയവരും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെടെയുള്ള ജഡ്‌ജിമാരും മുൻ ജഡ്ജിമാരും അഭിഭാഷകരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ഭാര്യ: മീര രാധാകൃഷ്‌ണൻ. മക്കൾ: പാർവതി നായർ, അഡ്വ. കേശവരാജ് നായർ. മരുമകൾ: ഗാഥ.
കൊല്ലം സ്വദേശികളായ എൻ. ഭാസ്കരൻ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1959 ഏപ്രിൽ 29നു ജനിച്ച തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ കൊല്ലം സെന്റ് ജോസഫ്‌സ് കോൺവെന്റ്, ഗവ.ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലും തിരുവനന്തപുരം പട്ടം ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിലെ ഉപരിപഠനത്തിനു ശേഷം കർണാടകയിലെ കോളാർ കെ.ജി.എഫ് ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി.1983ൽ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.
1988ൽ ഹൈക്കോടതി അഭിഭാഷകനായി. 2004ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായി. പിന്നീട് ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2017 മാർച്ച് 18നാണ് ഛത്തിസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി. 2019 ഏപ്രിൽ ഏഴിന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2021 ഏപ്രിൽ 29ന് വിരമിച്ചു.